ഓണസദ്യയില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത ഒരു വിഭവമാണ് പരിപ്പ്. പരിപ്പ് ഒഴിച്ച് ആണ് സദ്യ കഴിച്ചു തുടങ്ങുന്നത് എന്ന് തന്നെ വേണമെങ്കില്‍ പറയാം മിക്ക സ്ഥലങ്ങളിലും പരിപ്പ് തന്നെയാണ് ആദ്യം വിളമ്പാറ്. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇതിനുപകരം സാമ്പാറാണ് ഒഴിക്കുന്നത്. ഓണക്കാലമായതിനാല്‍ പരിപ്പ് കറി നിര്‍ബന്ധം ആയിരിക്കും മിക്ക വീടുകളിലും. രുചികരമായ പരിപ്പ് കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകള്‍;
- ചെറുപയര്‍
- തേങ്ങ
- ജീരകം
- പച്ചമുളക്
- മഞ്ഞള്‍പ്പൊടി
- ഉപ്പ്
- കറിവേപ്പില
- നെയ്യ്
തയ്യാറാക്കുന്ന വിധം;
ഓണം സ്‌പെഷ്യല്‍ പരിപ്പ് കറി തയ്യാറാക്കുന്നതിന് നമ്മള്‍ ചെറുപയര്‍ ആണ് എടുക്കുന്നത്. ചെറുപയര്‍ ഒരു പാനില്‍ വെച്ച് നിറം മാറുന്നത് വരെ വറുത്തെടുക്കുക. അതിനുശേഷം ഇത് കഴുകിയെടുത്ത് കുക്കറിലിട്ട് വേവിച്ചെടുക്കുക. കുക്കറില്‍ ഇടുമ്പോള്‍ വേറെ ഒന്നും ഇതിന്റെ കൂടെ നമ്മള്‍ ചേര്‍ത്തു കൊടുക്കുന്നില്ല. പരിപ്പ് വെന്തു വരുമ്പോഴേക്കും പരിപ്പിന് ആവശ്യമായ അരപ്പ് നമുക്ക് തയ്യാറാക്കാം.
അരപ്പ് തയ്യാക്കുന്നതിന് നമുക്ക് ആവശ്യമായി വരുന്നത് തേങ്ങ, ജീരകം, പച്ചമുളക്, മഞ്ഞള്‍പ്പൊടി എന്നിവയാണ്. ഇതെല്ലാം കൂടെ ചേര്‍ത്ത് പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. അപ്പോഴേക്കും നമ്മുടെ പരിപ്പ് വെന്തു കാണും. ഇതിലേക്ക് ഉപ്പ് ചേര്‍ത്ത് കൊടുക്കുക ശേഷം നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാ അരപ്പ് കൂടി ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇവ നന്നായി മിക്‌സ് ചെയ്തതിനുശേഷം ചെറിയ തീയില്‍ വെച്ച് ഈ പരിപ്പ് ഒന്ന് തിളപ്പിച്ച് എടുക്കണം. തിളച്ചു വന്നതിനുശേഷം അതിനു പുറത്തേക്ക് കറിവേപ്പില കൂടിയിട്ട് നന്നായി ഇളക്കുക. ഇതിലേക്ക് നമ്മള്‍ വേറെ താളിപ്പ് ഒന്നും ചേര്‍ത്തു കൊടുക്കുന്നില്ല എല്ലാം പാകമായി കഴിയുമ്പോള്‍ ഇതിന്റെ മുകളിലേക്ക് അല്‍പം നെയ്യ് അല്ലെങ്കില്‍ പച്ച വെളിച്ചെണ്ണ ചേര്‍ത്ത് ഇളക്കുക.
STORY HIGHLIGHTS: Parippu curry recipe