Recipe

സദ്യ കളര്‍ഫുളളാക്കാം; ബീറ്റ്‌റൂട്ട് പച്ചടി ഇങ്ങനൊന്ന് തയ്യാറാക്കി നോക്കൂ

പലനിറത്തിലുള്ള കറികള്‍ തന്നെയാണ് സദ്യയെ കളര്‍ഫുള്‍ ആക്കുന്നത്

സദ്യയിലേക്ക് നോക്കുമ്പോള്‍ വളരെ കളര്‍ഫുള്‍ ആയിട്ട് തോന്നാറുണ്ടോ? അതെ, പലനിറത്തിലുള്ള കറികള്‍ തന്നെയാണ് ഇത്തരത്തില്‍ സദ്യയെ കളര്‍ഫുള്‍ ആക്കുന്നത്. കറികളുടെ നിറത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ വളരെ വേറിട്ട് നില്‍ക്കുന്ന ഒരു കറിയാണ് ബീറ്റ്‌റൂട്ട് പച്ചടി. ഓണക്കാലമല്ലേ.. സദ്യക്ക് വിളമ്പാന്‍ ആയി നല്ല രുചികരമായ ബീറ്റ്‌റൂട്ട് പച്ചടി എളുപ്പത്തില്‍ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

ആവശ്യമായ ചേരുവകള്‍;

  • പച്ചമുളക്
  • ബീറ്റ്‌റൂട്ട്
  • തൈര്
  • തേങ്ങ
  • പച്ചമുളക്
  • വെളിച്ചെണ്ണ
  • കടുക്
  • കറിവേപ്പില
  • വറ്റല്‍ മുളക്

തയ്യാറാക്കുന്ന വിധം;

ഇതിനായി ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് കഴുകിയെടുത്ത ശേഷം നന്നായി ഒന്ന് ഗ്രൈന്‍ഡ് ചെയ്ത് എടുക്കാം. ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റിയിട്ട് അതിലേക്ക് വെള്ളം, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി ഇളക്കുക. ഇത് ഒന്ന് വേവിച്ചെടുക്കുക കൂടി വേണം. ഒന്ന് വെന്ത് വരുമ്പോഴേക്കും നമ്മള്‍ ഇതിന് ആവശ്യമായ അരപ്പ് ചേര്‍ത്ത് കൊടുക്കണം. തേങ്ങ, പച്ചമുളക്, തൈര് എന്നിവ ചേര്‍ത്താണ് അരപ്പ് തയ്യാറാക്കുന്നത്. ഇവ നല്ലപോലെ ഒന്ന് അടിച്ചെടുത്ത ശേഷം നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ബീറ്റ്‌റൂട്ടിലേക്ക് ഈ അരപ്പിന്റെ കൂട്ട് ചേര്‍ത്ത് കൊടുക്കുക. അവസാനമായി അല്‍പം തൈര് കൂടി ചേര്‍ത്ത് കൊടുക്കുക. ശേഷം നല്ലപോലെ ഇളക്കുക. ആ സമയത്ത് ഉപ്പ് നോക്കാം. ഉപ്പ് കുറവാണ് എന്നുണ്ടെങ്കില്‍ നമുക്ക് ചേര്‍ത്ത് നല്‍കാം.

ഇനി ഇതിലേക്ക് താളിപ്പ് ചേര്‍ക്കേണ്ട സമയമാണ്. അതിനായി ഒരു ചീനിച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക് ഇട്ട് പൊട്ടിച്ച് ശേഷം കറിവേപ്പില വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് താളിച്ചു എടുക്കുക. ഈ താളിച്ച് എടുത്തത് നമ്മള്‍ തയ്യാറാക്കി വച്ചിരിക്കുന്ന ബീറ്റ്‌റൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. നല്ല രുചികരമായ ബീറ്റ്‌റൂട്ട് പച്ചടി തയ്യാര്‍.

STORY HIGHLIGHTS: Beetroot Pachadi Recipe