Sports

കേരളത്തിന്റെ വാഗ്ദാനങ്ങളാകാന്‍ ആ അഞ്ച് താരങ്ങള്‍: അരങ്ങേറ്റം കുറിക്കുന്നത് SLKയില്‍; പരിചയപ്പെടണ്ടേ അവരെ ?

അക്ഷയ്, ആന്റണി രാജു, അലന്‍ ജോയ്, വൈഷ്ണവ്, മനോജ്, ഇവരാണാ തിളങ്ങുന്ന താരങ്ങള്‍

സൂപ്പര്‍ ലീഗ് കേരളയുടെ (SLK) അരങ്ങേറ്റ എഡിഷന്റെ ആവേശം മലയാളി ഫുട്‌ബോള്‍ ആരാധകര്‍ നെഞ്ചേറ്റുമ്പോള്‍ എല്ലാ കണ്ണുകളും തിരിഞ്ഞിരിക്കുന്നത് തിരുവനന്തപുരത്തിന്റെ ആദ്യ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ കൊമ്പന്‍സിന്റെ നേര്‍ക്കാണ്. സെപ്തംബര്‍ 7ന് ആരംഭിച്ച SLKയില്‍, കൊമ്പന്‍മാരുടെ കരുത്ത്, പ്രാദേശിക പ്രതിഭകളുടെ ഊര്‍ജ്ജസ്വലതയാണ്. അവര്‍ ഓരോരുത്തരും ഈ വലിയ ഫുട്‌ബോള്‍ വേദിയില്‍ അവരുടെ ‘ബൂട്ട് മുദ്ര’ പതിപ്പിക്കാന്‍ കാത്തിരിക്കുകയാണ്. SLKയില്‍ പങ്കെടുക്കുന്ന താരങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന അഞ്ച് താരങ്ങളുണ്ട് പട്ടികയില്‍. നാളത്തെ ഫുട്ബോള്‍ ചരിത്രം ഇവരിലൂടെ എത്തില്ലെന്ന് ആരുകണ്ടു. പരിചയപ്പെടുത്തുകയാണ് അവരെ. അക്ഷയ്, ആന്റണി രാജു, അലന്‍ ജോയ്, വൈഷ്ണവ്, മനോജ് എന്നിവരാണ് കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങള്‍

അക്ഷയ് പി.എം (മലപ്പുറത്തു നിന്നും SLKയുടെ വെളിച്ചത്തിലേക്ക്)

ആരാധകരും എതിരാളികളും ഒരുപോലെ ശ്രദ്ധിക്കേണ്ട താരമാണ് 20-ാം വയസ്സുള്ള പി.എം അക്ഷയ്. മലപ്പുറത്തെ പാണ്ടിക്കാടുനിന്നുള്ള അക്ഷയ് മൂന്ന് വര്‍ഷമായി കൊമ്പന്‍സിന്റെ മാതൃക്ലബ്ബായ കോവളം എഫ്സിക്കൊപ്പം ഉണ്ട്. ചടുലമായ നീക്കങ്ങളോടെ മധ്യനിരയില്‍ സ്ഥാനം ഉറപ്പിക്കുന്ന അക്ഷയ് കേരള പ്രീമിയര്‍ ലീഗ്, ഖേലോ ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് അടക്കമുള്ള വിവിധ ടൂര്‍ണമെന്റുകളില്‍ തിളങ്ങിയിട്ടുണ്ട്. ‘ഞങ്ങളുടെ ഏകലക്ഷ്യം എസ്എല്‍കെയുടെ ഉദ്ഘാടന എഡിഷനില്‍ ചാമ്പ്യന്‍മാരാകുക എന്നതാണ്,’ അക്ഷയ് ഉറപ്പോടെ പ്രഖ്യാപിക്കുന്നു. ബ്രസീലിയന്‍, ഇന്ത്യന്‍ അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം കളിക്കുന്നതില്‍ ആവേശം കൊണ്ടിരിക്കുന്ന അദ്ദേഹം തന്റെ വളര്‍ച്ചയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് പരിശീലകരായ എബിന്‍ റോസിനും സെര്‍ജിയോ അലക്സാന്‍ദ്രേയ്ക്കും നല്‍കുന്നു.

വൈഷ്ണവ് പി (സുവര്‍ണാവസരം)

അടുത്തിടെ 21 തികഞ്ഞ വൈഷ്ണവ് പി കൊമ്പന്‍മാരില്‍ പുതുഉന്‍മേഷം നല്‍കുന്നു. കോവളം എഫ്സിയുടെ ഉദിച്ചുയരുന്ന താരമായ വൈഷ്ണവ് മലപ്പുറത്തെ മമ്പുറം സ്വദേശിയും നിലവില്‍ കോട്ടയം ബസേലിയസ് കോളെജിലെ വിദ്യാര്‍ത്ഥിയുമാണ്. ‘എനിക്കിതൊരു സുവര്‍ണാവസരം ആണ്,’ അദ്ദേഹം പറയുന്നു. തന്റെ കോളെജിനെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അന്തര്‍-കോളേജ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിച്ചത് വൈഷ്ണവിന്റെ നേട്ടങ്ങളില്‍പ്പെടുന്നു. വൈഷ്ണവിന്റെ കളിയോടുള്ള താല്‍പര്യവും കോവളം എഫ്സി പരിശീലകന്‍ എബിന്‍ റോസിന്റെ പിന്തുണയും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ‘ഫുട്ബോള്‍ എല്ലാമെല്ലാമായ ഒരു ഗ്രാമത്തില്‍നിന്നുമാണ് ഞാന്‍ വരുന്നത്,’ ഈ അവസരത്തെ ഇരുകൈകളും കൊണ്ട് സ്വീകരിക്കുന്ന അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്റണി രാജു (സ്വപ്നസാക്ഷാത്കാരം)

കോവളം എഫ്സിയുടെ ലായത്തില്‍നിന്നും കൊമ്പന്‍സിലേക്കുള്ള യുവപടക്കുതിരകളിലെ മുതിര്‍ന്ന അംഗമാണ് 28-കാരനായ ആന്റണി രാജു. അയല്‍പ്പക്കത്തെ പയ്യന്‍. വിഴിഞ്ഞം സ്വദേശിയായ ആന്റണി രാജു തന്റെ ആത്മസമര്‍പ്പണവും നേതൃഗുണവും കൊണ്ട് ശ്രദ്ധേയമായ രണ്ട് തവണ കേരള സര്‍വകലാശാലയുടെ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ട്. ‘പ്രൊഫഷണ്‍ താരം ആകുകയെന്നതായിരുന്നു എന്റെ ജീവിതാഭിലാഷം,’ അദ്ദേഹം പറയുന്നു. പരിശീലകനായ എബിന്‍ റോസ് ആന്റണി രാജുവില്‍ വളര്‍ത്തിയെടുത്ത ദുഷ്‌കരമായ സാഹചര്യങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള കഴിവും അനുഭവസമ്പത്തും അദ്ദേഹത്തെ കൊമ്പന്‍സിന്റെ പ്രധാനതാരമായി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കളിയോടുള്ള ഗൗരവമായ സമീപനവും പാഷനും ആന്റണി രാജുവിന് ആരാധകരെ നല്‍കും.

അലന്‍ ജോയ് (വളരുന്ന പ്രതിരോധ മതില്‍)

രണ്ട് സീസണുകള്‍ക്ക് മുമ്പ് കോവളം എഫ്സിയില്‍ അംഗമായ 20-കാരനായ അലന്‍ ജോയ് വളരെപ്പെട്ടെന്ന് തന്നെ സ്വന്തമായൊരു മേല്‍വിലാസം നേടിയെടുത്തു. തൃശൂരിലെ റെഡ് സ്റ്റാര്‍ എഫ്സിയുടേയും മുത്തൂറ്റ് ഫുട്ബോള്‍ അക്കാദമിയുടേയും പശ്ചാത്തലമുള്ള അലന്‍ ഇപ്പോള്‍ കൊമ്പന്‍സിന്റെ മധ്യനിരയിലെ പ്രതിരോധ ഭടനാണ്. ചങ്ങാനശ്ശേരിയിലെ സെന്റ് ബെര്‍ക്ക്മാന്‍സ് കോളെജില്‍ ബയോഫിസിക്സിലെ ബിരുദ പഠനം അദ്ദേഹത്തിന്റെ മൈതാനത്തിലെ ആത്മസമര്‍പ്പണത്തിന് പൂരണമാകുന്നു. ‘കൊമ്പന്‍സിനുവേണ്ടി മാത്രമല്ല, മുഴുവന്‍ ലോകത്തിന് മുന്നിലും എന്റെ മൂല്യം തെളിയിക്കണം,’ അലന്‍ ഉറപ്പിക്കുന്നു. അദ്ദേഹത്തിന്റെ തീക്ഷണതയും ശ്രദ്ധയും കൊമ്പന്‍സിന്റെ പ്രതിരോധക്കോട്ടയിലെ നിര്‍ണ്ണായക ബലമായി മാറും.

മനോജ് എം (കൊമ്പന്‍സ് നിരയിലെ അറിയപ്പെടാത്ത താരം)

എല്ലാവരുടേയും ശ്രദ്ധ ബ്രസീലിയന്‍, ഐഎസ്എല്‍, ഐ-ലീഗ് താരങ്ങളില്‍ ആയിരിക്കുമ്പോള്‍, അടിമലത്തുറക്കാരനായ 21 വയസ്സുള്ള എം മനോജിനുമേല്‍ ഒരു കണ്ണ് വയ്ക്കുന്നത് നന്നാകും. കൊമ്പന്‍സിന്റെ എസ്എല്‍കെയിലെ മുന്നേറ്റത്തിലെ നിര്‍ണായക നിമിഷങ്ങള്‍ 15 വര്‍ഷമായ കോവളം എഫ്സിയുടെ മധ്യനിരയ്ക്ക് കരുത്തുപകരുന്ന മനോജില്‍ നിന്നുണ്ടാകും. കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാമ്പിലെ അദ്ദേഹത്തിന്റെ പരിചയം അദ്ദേഹത്തെ ഒരു നിര്‍ണായക താരമാക്കി മാറ്റുന്നു. ‘എനിക്കിവിടെ സുഖവും സന്തോഷവും ആണ്. ബ്രസീലിയന്‍ പരിശീലകന്‍ നിര്‍ണായകമായ സാങ്കേതിക മാറ്റങ്ങള്‍ വരുത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രൊഫഷണലുകള്‍ എന്ന നിലയില്‍ ഞങ്ങല്‍ പലര്‍ക്കും ഇത് വലിയൊരു ബ്രേക്ക്ത്രൂ ആണ്,’ അദ്ദേഹം പറഞ്ഞു. ശാന്തനാണെങ്കിലും ടീമിലെ മനോജിന്റെ പങ്ക് ഒഴിച്ചു കൂടാനാകാത്തതും കൊമ്പന്‍സിന് നിര്‍ണ്ണായകവും ആകും മനോജ്.

വളര്‍ന്നുവരുന്നവരും പരിചയസമ്പന്നരുമായ പ്രതിഭകളുടെ മിശ്രണമായ കൊമ്പന്‍സ് വലിയ പ്രതീക്ഷകളോടും അഭിമാനത്തോടും കൂടി എസ്എല്‍കെയിലെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ആവേശകരമായ പുതിയ ലീഗിലെ ഈ താരങ്ങളുടെ പ്രകടനം കാണാന്‍ ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നു. ഈ പ്രാദേശിക താരങ്ങള്‍ അവരുടെ ക്ലബ്ബിനെ പ്രതിനിധീകരിക്കുക മാത്രമല്ല, തിരുവനന്തപുരത്തിന്റെ ഫുട്ബോള്‍ രംഗത്തെ സ്പിരിറ്റിനേയും പ്രതിഭയേയും മൂര്‍ത്തമാക്കുകയും ചെയ്യുന്നു. എസ്എല്‍കെയിലെ അവരുടെ യാത്ര പ്രതീക്ഷയോടെ കാത്തിരിക്കുന്നു, കൂടാതെ കേരള ഫുട്ബോളില്‍ പുതിയ അധ്യായമെഴുതി ചരിത്രം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന അവര്‍ക്കായി ആരവം മുഴക്കാന്‍ ആരാധകര്‍ തയ്യാറായിരിക്കുന്നു.

 

CONTENT HIGHLIGHTS; Those five stars to be Kerala’s promises: Debut in SLK; Don’t get to know them?