Kerala

“വാഴയില” ഇവനല്ലേ താരം!!: പക്ഷെ, തമിഴ് നാട്ടില്‍ നിന്നു വരണമെന്നു മാത്രം; കേരളത്തില്‍ നടക്കുന്നത് കോടികളുടെ കച്ചവടം

മേട്ടുപ്പാളയം, കോയമ്പത്തൂര്‍, പുളിയംപെട്ടി, തൂത്തുക്കുട്ടി, തിരുനെല്‍വേലി, കാവല്‍കിണര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വാഴയില എത്തുന്നത്

തൂശനിലയിട്ട് അതില്‍ ഉപ്പേരി മുതല്‍ അവിയല്‍ വരെ വിളമ്പി സദ്യയുണ്ണാതെ ഓണമാഘോഷിക്കാന്‍ മലയാളിക്ക് കഴിയില്ല. എന്നാല്‍, വാഴയില കിട്ടാത്ത നാടായി മാറിയിരിക്കുകയാണ് കേരളം. ഓണത്തിന് സദ്യ വേണം. സദ്യയുണ്ണാന്‍ വാഴയില വേണം. വാഴയില വരണമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നു വരണം. ഇതാണ് മലയാളികള്‍ അനുഭവിക്കുന്ന വലിയ പ്രശ്‌നം. വാഴയിലയ്ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. പച്ചക്കറി, പാല്‍, പൂക്കള്‍ എല്ലാത്തിനും തമിഴ്‌നാടേ ശരണം. ഒരു ഇലയ്ക്ക് അഞ്ചു രൂപ മുതല്‍ പത്തു രൂപ വരെയാണ് വില.

ഇലയുടെ വലിപ്പം അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. 200 ഇലയടങ്ങിയ ഒരു കെട്ടിന് മിനിമം 1400 രൂപ നല്‍കണം. ഒരു മാസം മുന്‍പ് വാഴയിലയുടെ വില ഇതിലും കുറവായിരുന്നു. ഉത്രാടപ്പാച്ചിലില്‍ അത് ഇരട്ടിയുടെ ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ചിങ്ങ മാസത്തില്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ കൂടുതലായതിനാല്‍ വാഴയിലയ്ക്ക് ആവശ്യക്കാരും വര്‍ദ്ധിച്ചു. വിപണിയിലെ വന്‍ ഡിമാന്‍ഡ് കണക്കിലെടുത്ത് ഓണക്കാലത്തേക്കുള്ള ഇല മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് വ്യാപാരികള്‍. ഹോട്ടലുകളില്‍ സദ്യ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കെല്ലാം വാഴയിലയില്‍ വേണമെന്നതാണ് നിര്‍ബന്ധം.

50,000 മുതല്‍ ഒരുലക്ഷം വരെ വാഴയില ചിങ്ങത്തില്‍ അധികം വിറ്റുപോകുന്നതായാണ് കണക്കുകള്‍. ഓണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്തുദിവസങ്ങളിലായി നടക്കുന്ന സദ്യയ്ക്കായി വിപണിയിലെത്തുന്നത് ആറ് കോടിയോളം രൂപയുടെ വാഴയിലയാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇതില്‍ രണ്ടുകോടി രൂപ വരെയുള്ള കച്ചവടം തിരുവോണ നാളിലേതാണ്. ആറ് കോടിയില്‍ മലയാളിക്ക് കിട്ടുന്നത് തമിഴ്‌നാട്ടില്‍ നിന്ന് ഇല കൊണ്ടുവരുന്ന ഇടനിലക്കാരുടെയും പ്രാദേശിക വ്യാപാരികളുടെയും ലാഭം മാത്രം.

അതും പരമാവധി രണ്ടുകോടി രൂപവരെ. ബാക്കി നാല് കോടി രൂപ തമിഴ്‌നാട്ടിലേക്കണ് ഒഴുകുന്നത്. തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂര്‍, പുളിയംപെട്ടി, തൂത്തുക്കുട്ടി, തിരുനെല്‍വേലി, കാവല്‍കിണര്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും വാഴയില എത്തുന്നത്. ചിങ്ങം മുന്നില്‍ക്കണ്ട് ഇലയ്ക്കുവേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ തമിഴ്നാട്ടിലുണ്ട്. ഞാലിപ്പൂവന്‍, കര്‍പ്പൂരവല്ലി എന്നിവയാണ് ഇലയ്ക്കു വേണ്ടി മാത്രം കൃഷിചെയ്യുന്നത്. കനത്ത മഴയില്‍ കൃഷി നശിച്ചത് ഇല വിപണിയെ ബാധിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ വാഴകൃഷി ചെയ്യുന്നവരില്‍ നിന്നും നേരിട്ട് വാഴയില വാങ്ങിയാല്‍ കെട്ടൊന്നിന് 1000 വരെ വിലയ്ക്ക് കിട്ടും. എന്നാല്‍, അത് കേരളത്തിലെത്തുന്നതോടെ വില മാറും. ഇവിടെ തദ്ദേശീയമായി വാങ്ങുന്ന ഇലയ്ക്ക് കൃഷിക്കാര്‍ക്ക് മൂന്നുരൂപ വരെ കിട്ടും. ഇലയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ കേരളത്തില്‍ കുറേ കൃഷിക്കാര്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും സ്വയംപര്യാപ്തതയിലേക്ക് ഇനിയും എത്തിയിട്ടില്ല. വാഴയില കച്ചവടം ലക്ഷ്യമിട്ട് കൃഷി നടത്തിയാല്‍ കേരളത്തില്‍ വലിയ സാധ്യതകളുണ്ട്. എന്നാല്‍ കൃത്യമായ വിപണന തന്ത്രം ഉള്‍പ്പെടെ നടപ്പാക്കാനുള്ള സംവിധാനവും വേണം. വാഴയിലയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത കണ്ടെത്തിയാല്‍ മാത്രം കേരളത്തിന് വന്‍ ലാഭം കൊയ്യാം.

എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ നിസംഗത പാലിക്കുന്നതിനാല്‍ അന്യസംസ്ഥാനങ്ങളാണ് ഈ നേട്ടങ്ങള്‍ മുഴുവന്‍ കൊയ്യുന്നത്. വാഴയില കൃഷി ലാഭം കൂടുന്ന സീസണ്‍ നോക്കി കൃഷി ചെയ്താല്‍ കര്‍ഷകര്‍ക്ക് ഗുണമാണ്. എങ്കിലേ പരമാവധി കാശുണ്ടാക്കാന്‍ പറ്റൂ. ഓണത്തിനു വില്‍ക്കാന്‍ ലക്ഷ്യമിട്ട് 10 മാസം മുമ്പേ നടണം. ഓണവും വിഷുവും നോക്കി വാഴ നടുന്നതിനു പിന്നിലുള്ള ലക്ഷ്യം പഴക്കുല മാത്രമല്ല, വാഴയില വില്‍പ്പനയുമായിരിക്കണം.

 

content highlights;Isn’t he the star of “Banana Leaf”!!: But he only wants to come from Tamil Nadu; There is a trade worth crores in Kerala