ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്നത് ഓണസദ്യയാണ്. ഓണം കഴിഞ്ഞ് പിന്നെയും നീളും ഓണം സ്പെഷ്യൽ വിഭവങ്ങൾ. പണ്ടുകാലത്ത്, നന്നായി ഭക്ഷണം കഴിക്കുന്നതിനോടൊപ്പം നന്നായി അദ്ധ്വാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നോ ? ഭക്ഷണം കൂടുന്നുണ്ടെങ്കിലും കായികാധ്വാനം കുറയുന്നു. അതിനാൽ പ്രായഭേദ്യമെന്യേ ദഹനേന്ദ്രിയവ്യൂഹപ്രശ്നങ്ങളും കൂടുന്നു.
ദഹനവ്യൂഹത്തിന്റെ ശരിയായ ആരോഗ്യത്തിന് ശരിയായ ജീവിതചര്യകളും ഭക്ഷണശീലങ്ങളും കൂടിയേതീരൂ. നല്ല ദഹനവ്യൂഹ സൂക്ഷ്മാണുക്കൾ ശരീരത്തിലുണ്ടാവാൻ നല്ല ഭക്ഷണം കഴിക്കണം. പ്രധാനമായും മൂന്ന് തരത്തിലുള്ള ഭക്ഷണങ്ങളാണ് നിർദ്ദേശിക്കപ്പെടുന്നത്.
പ്രോബയോട്ടിക്‌സ്
ജീവനുള്ള സൂക്ഷ്മാണുക്കൾ അടങ്ങിയതാണ് പ്രോബയോട്ടിക്‌സ്. തൈര്, മോര്, അച്ചാർ, മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓണസദ്യയിൽ പ്രധാന വിഭവങ്ങളായ കാളൻ, പച്ചടി, അവിയൽ, സംഭാരം, ഉപ്പിലിട്ടത് ഇവയെല്ലാം മികച്ച പ്രോബയോട്ടിക്കുകളാണ്.
പ്രീ ബയോട്ടിക്സ്
പ്രോബയോട്ടിക്കുകളുടെ ശരിയായ വളർച്ചയെയും നിലനില്പിനെയും സഹായിക്കുന്ന അവയുടെ ഭക്ഷ്യസ്രോതസ്സുകളാണ് പ്രീ ബയോട്ടിക്സ്. സൗഹൃദബാക്ടീരിയകൾക്ക് ഏറ്റവും ഗുണകരമായ പ്രീബയോട്ടിക് ഘടകമാണ് ഭക്ഷ്യനാരുകൾ. കേരളീയസദ്യ പച്ചക്കറികളാലും ധാന്യങ്ങളാലും സമ്പുഷ്ടമാണ്. ഇവയെല്ലാം ഭക്ഷ്യനാരുകളുടെ അത്യന്തം ഗുണകരമായ ഉറവിടങ്ങളുമാണ് സാമ്പാർ, അവിയൽ, ഓലൻ, കൂട്ടുകറി, തോരൻ, ഇവയെല്ലാം പ്രീബയോട്ടിക്കുകളുടെ കാലവറതന്നെയാണ്.
സിൻബയോട്ടിക്സ്
പ്രോബയോട്ടിക്കുകളുടെയും പ്രീബയോട്ടിക്കുകളുടെയും ആരോഗ്യകരമായ മിശ്രിതമാണ് സിൻബയോട്ടിക്കുകൾ. ഇവ പ്രോബയോട്ടിക്കുകളെ ആരോഗ്യത്തോടെ കൂടുതൽ നാൾ ജീവിക്കാൻ സഹായിക്കുകയും ദഹന വ്യവസ്ഥയിൽ സൂക്ഷ്മാണുക്കളുടെ ആരോഗ്യകരമായ ബാലൻസ് ഉണ്ടാക്കുകയും ചെയ്യും. സദ്യയിലെ ഒരു സിൻബയോട്ടിക്സ് കോമ്പിനേഷനാണ് തൈരും പഴവും. കേരളത്തിന്റെ തനതായ ഭക്ഷണരീതി പ്രോബയോട്ടിക് പ്രീബയോട്ടിക്, സിൻബയോട്ടിക് ഭക്ഷണങ്ങൾ അടങ്ങിയതാണ്.
ഓണസദ്യ ഒരുക്കുമ്പോൾ ചിലകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം പാചകം ചെയ്യുമ്പോൾ എണ്ണയുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണം, പായസങ്ങളുടെ എണ്ണം കുറയ്ക്കാം. മധുരം ആവശ്യത്തിനുമതി, ഇലനിറയെ വിഭവങ്ങൾ വിളംബാം. ചോറ് കുറച്ചുമതി, പ്രമേഹരോഗികൾ കൂടുതലായി വിശന്നിരിക്കുമ്പോൾ സദ്യ കഴിക്കണ്ട. സദ്യയ്ക്ക് മുൻപ് പച്ചടി, തോരൻ മുതലായവ കുറച്ച് കഴിക്കാം, അമിതവർണ്ണമുള്ളവർക്കും പ്രമേഹമുള്ളവരും പ്രീഡയബെറ്റിക് അവസ്ഥയുള്ളവരും ചോറ്, പായസം എന്നിവയുടെ അളവ് കുറച്ച് പച്ചക്കറിവിഭവങ്ങളുടെ അളവുകൂട്ടി സദ്യ ആസ്വാദ്യകരമാക്കാം. ഓണസദ്യയിൽ പ്രോബയോട്ടിക്‌സ്, സിൻബയോട്ടിക്സ്, പ്രീ ബയോട്ടിക്സ് ഈ മൂന്നും ചേർന്നതാണെങ്കിലും അളവുകളിൽ ശ്രദ്ധിച്ച് ബാലൻസ് നിലനിർത്താൻ പ്രത്യേക കരുതൽ വേണം.
STORY HIGHLIGHT: Onam sadhya