നാളെ ഓണമാണ്. എല്ലാവരും കിട്ടിയ ശമ്പളവുമായി കഷ്ടിച്ചായാലും ഓണം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ KSRTCയിലെ ഒരു ജീവനക്കാരി മാത്രം ശമ്പളം കിട്ടാതെ വിഷമിക്കുകയാണ്. കല്‍പ്പറ്റ KSRTC ഡിപ്പോയില്‍ പ്യൂണായി പ്രവര്‍ത്തിച്ചു വരുന്നു രഞ്ജിനിക്കാണ് ഓഗസ്റ്റു മാസത്തെ ശമ്പളം കൊടുക്കാതിരിക്കുന്നത്. സാങ്കേതിക കാരണം പറഞ്ഞാണ് ശമ്പളം തടഞ്ഞു വെച്ചിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. രഞ്ജിനി ഓഗസ്റ്റ് മാസത്തില്‍ 15.5 ദിവസം മാത്രമേ ജോലി ചെയ്തുള്ളൂ എന്ന കാരണം പറഞ്ഞാണ് ശമ്പളം തടഞ്ഞിരിക്കുന്നത്. ഒരു മാസത്തെ ശമ്പളത്തിന് 16 ദിവസമാണ് ജോലി ചെയ്യേണ്ടത്.
മകളുടെ കുഞ്ഞിന് ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ആയതിനാലാണ് ജോലിക്ക് എത്താന്‍ കഴിയാത്തതെന്ന് രഞ്ജിനി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. കുഞ്ഞിന് വയ്യാതായപ്പോള്‍ വരാനാകാത്തതില്‍ അര ദിവസത്തെ സാങ്കേതികത്വം പറഞ്ഞ് ശമ്പളം തടഞ്ഞുവച്ചിരിക്കുന്നത് ക്രൂരതയാണെന്ന് രഞ്ജിനി പറയുന്നു. അതേസമയം വനിത പ്യൂണിന്റെ ശമ്പളം തടഞ്ഞു വെച്ചത് തങ്ങളല്ലെന്ന് കല്‍പ്പറ്റ KSRTC അധികൃതര്‍ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് തിരുവനന്തപുരത്തെ ശമ്പള വിഭാഗം ആണെന്നാണ് KSRTC ഡിപ്പോ അധികൃതര്‍ വ്യക്തമാക്കുന്നത്.
ചീഫ് ഓഫീസിലെ ജീവനക്കാരെല്ലാം ഓണം ആഘോഷിക്കാന്‍ കിട്ടിയ ശമ്പളവുമായി സ്ഥലം കാലിയാക്കിക്കഴിഞ്ഞു. ഇനി ഇവിടുന്നുള്ള സങ്കേതികത്വം പറഞ്ഞ്, ഒരു സ്ത്രീയെയും കുടംബത്തെയും പട്ടിണിക്കിടാനേ കഴിയൂ. ഈ വിഷയത്തില്‍ മന്ത്രി ഗണേഷ്‌കുമാര്‍ ഇടപെട്ടാല്‍ ആ സ്ത്രീക്കും കുടുംബത്തിനും നിങ്ങളുടെ ഒപ്പം ഓണം ആഘോഷിക്കാനാകും. അര ദിവസത്തിന്റെ പേരില്‍ ഇങ്ങനെയൊരു ക്രൂരത അവരോട് കാട്ടരുതായിരുന്നു. ശമ്പളം എഴുതിയവരോ ശമ്പളം നല്‍കേണ്ടവരോ ഇതിനുത്തരവാദികളാണ്.
ഇത്രയും ദിവസം ആര്‍ക്കും ശമ്പളം കിട്ടാതിരുന്നപ്പോള്‍ പ്രതിഷേധത്തിനും ശക്തിയുണ്ടായിരുന്നു. എന്നാല്‍, ഒരാള്‍ ശമ്പളത്തിനായി സമരം ചെയ്യുമ്പോള്‍ പ്രതികരിക്കാന്‍ ഒരാളുപോലുമില്ലാത്ത സ്ഥിതി. അതും ഒരു വനിത ജീവനക്കാരിക്കാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്. ആരാണ് ഇതിനുത്തരം പറയേണ്ടത്. മാത്രമല്ല, 15 ദിവസം ജോലി ചെയ്തതിന് ശമ്പളം കൊടുക്കാന്‍ വകുപ്പില്ലേ. KSRTC ജീവനക്കാരോട് ചെയ്യുന്ന എല്ലാ നിഷേധങ്ങളെയും ശക്തിയുക്തം എതിര്‍ക്കുന്ന യൂണിയനുകള്‍ക്കും മിണ്ടാട്ടമില്ലേ.
തിരുവോണത്തിന്റെ തൊട്ടു മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒരു വകുപ്പിലെ ഒരു വനിത മാത്രം ദയനീയമായി ശമ്പളം ചോദിക്കുന്ന അവസ്ഥ ചിന്തിക്കാന്‍ പോലും കഴിയില്ല. KSRTCയില്‍ ശമ്പളം വിതരണം ചെയ്തതിനു ശേഷം മന്ത്രി ഗണേഷ്‌കുമാര്‍ തന്റെ ഫെയിസ്ബുക്ക് അക്കൗണ്ടിലൂടെ ജീവനക്കാര്‍ക്കെല്ലാം ഓണാശംസകള്‍ നേരുന്നതു കണ്ട്. മാത്രവുമല്ല, ഈ ഓണത്തിനു കിട്ടിയതു പോലെ ശമ്പളം ഒറ്റത്തവണയായി എല്ലാ മാസവും നല്‍കുമെന്നും പറഞ്ഞു. ഒന്നാം തീയതിക്കും അഞ്ചാം തീയതിക്കും ഇടയില്‍ നല്‍കാന്‍ കഴിയുമോ എന്നും നോക്കുമെന്നാണ് പറഞ്ഞത്.
എന്നാല്‍, ഈ ഓണത്തിന് എല്ലാ ജീവനക്കാര്‍ക്കും(അതായത്, KSRTCയിലെ പ്യൂണ്‍ മുതല്‍ എം.ഡി. വരെയുള്ള)ശമ്പളം കിട്ടിയെന്നുറപ്പിക്കാന്‍ കഴിഞ്ഞോ എന്ന ആത്മ പരിശോധന നടത്തി നോക്കിയാല്‍ മനസ്സിലാകും, കല്‍പ്പറ്റയിലെ ആ പാവം വനിതാ ജീവനക്കാരുടെ വിഷയം. മന്ത്രി എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെടണം. അവര്‍ക്ക് ശമ്പളം കിട്ടുമെങ്കില്‍ അതിനേക്കാള്‍ വലിയ പുണ്യപ്രവൃത്തി വേറൊന്നുണ്ടാകില്ല. ഇനി KSRTCയിലെ മറ്റൊരാള്‍ക്കും അവരെ സഹായിക്കാനാവില്ല. രഞ്ജിനി ചോദിക്കുന്നത്, പണം കടമല്ല, പലിശയ്ക്കുമല്ല, വെറുതേ തരാനുമല്ല, അഴര്‍ ചെയ്ത ജോലിയുടെ കൂടിയാണെന്ന ബോധ്യത്തോടെ ഇടപെടണം.
കല്‍പ്പറ്റ ഡിപ്പോ സൂപ്രണ്ടുമായി രഞ്ജിനി ചെറിയ വാക്കു തര്‍ക്കങ്ങളും പിണക്കങ്ങളും ഉള്ളതായി ജീവനക്കാര്‍ പറയുന്നുണ്ട്. ഇതിന്റെ പേരിലാണ് അവരുടെ ശമ്പളം തടഞ്ഞതെങ്കില്‍ അത്, ക്രൂരതയാണ്. വഴക്കിന്റെ പേരില്‍ ഒരു ജീവനക്കാരിയോടെ കണ്ണില്‍ചോരയില്ലാത്ത നടപടി ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടിയും എടുക്കണം.
CONTENT HIGHLIGHTS; Unpaid, Ranjini’s one-man strike in front of KSRTC depot; Minister Do One Of These Quick (Exclusive)