അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി. ദില്ലിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെ വിലാപയാത്രയായാണ് ഭൗതിക ശരീരം എയിംസിൽ എത്തിച്ചത്. സിപിഐഎം പിബി അംഗങ്ങൾ മുതൽ ചെറുപ്പക്കാരുടെ അടക്കം വലിയ സംഘമാണ് വിലാപയാത്രയെ നയിച്ചത്.
ദില്ലി എയിംസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ വൈകിട്ടാണ് കുടുംബവും മറ്റ് മുതിർന്ന നേതാക്കളും ഏറ്റവുവാങ്ങിയത്. തുടർന്ന് വസന്ത്കുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ മുതൽ ദില്ലി എകെജി ഭവനിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ആയിരങ്ങളാണ് അവിടെ തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണാനും ആദരമർപ്പിക്കാനും എത്തിയത്.