മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് പുറത്ത് പടക്കം പൊട്ടിച്ചതിന് കേസെടുത്ത് ഡല്‍ഹി പൊലീസ്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് അരവിന്ദ് കെജ്‌രിവാള്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് ഒരു സംഘം പടക്കം പൊട്ടിച്ചത്. ബിഎന്‍എസ് നിയമത്തിലെ സെക്ഷന്‍ 223 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയില്‍ വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണവും ശൈത്യവും കണക്കിലെടുത്ത് ഡല്‍ഹി സര്‍ക്കാര്‍ കരിമുരുന്നുകളുടെ ഉപയോഗം നിരോധിച്ചിരുന്നു. ഇതിനിടെയാണ് അരവിന്ദ് കെജ്‌രിവാളിന്റെ ജയില്‍ മോചനം ആഘോഷമാക്കാന്‍ ഒരു സംഘം പടക്കംപൊട്ടിച്ചത്.
മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് അരവിന്ദ് കെജ്‌രിവാള്‍ ജയില്‍ മോചിതനായത്. സാക്ഷികളെ സ്വാധീനിക്കരുത്, സെക്രട്ടറിയേറ്റില്‍ പ്രവേശിക്കരുത്, ചില ഫയലുകള്‍ മാത്രമേ കാണാവൂ തുടങ്ങി മുന്‍കേസിലെ ജാമ്യ വ്യവസ്ഥകള്‍ തുടരും. തിഹാര്‍ ജയിലിന് മുന്നില്‍ ആംആദ്മി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് ജയിലിന് മുന്നില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.