എഴുന്നൂറ്റി അമ്പതിലേറെ ചൈനീസ് കമ്പനികൾ സൗദിയിൽ വൻകിട പദ്ധതികൾ നടത്തുന്നതായി സൗദി നിക്ഷേപ മന്ത്രാലയം. കൂടുതൽ ചൈനീസ് കമ്പനികളുടെ നിക്ഷേപം സൗദിയിൽ ആഗ്രഹിക്കുന്നതായി സൗദി നിക്ഷേപ മന്ത്രി പറഞ്ഞു. ചൈനീസ് ന്യൂസ് ഏജൻസിയായ സിൻഹുവക്ക് നൽകിയ അഭിമുഖത്തിലാണ് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ സമീപ കാലത്തുണ്ടായ ഉഭയകക്ഷി ബന്ധങ്ങളിലെ വളർച്ചയെ ഖാലിദ് അൽഫാലിഹ് എടുത്തു പറഞ്ഞു. 750ലേറെ ചൈനീസ് കമ്പനികളാണ് ഇപ്പോൾ സൗദിയിൽ വമ്പൻ പദ്ധതികളിൽ പങ്കാളിത്തം വഹിക്കുന്നത്. നിയോം ഉൾപ്പെടെയുള്ള വൻകിട നിർമ്മാണ പ്രവർത്തികളിലടക്കം ചൈനീസ് കമ്പനികളാണ് ലീഡ് ചെയ്യുന്നത്.
ചൈന കമ്പനികളുടെ സാനിധ്യം ഇനിയും വർധിക്കണമെന്നാണ് ആഗ്രഹം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പുതിയ മേഖലകളിൽ കൂടി ചൈനീസ് നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്നതായും ഖാലിദ് അൽഫാലിഹ് പറഞ്ഞു. സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങൾക്കുമിടിയിലുള്ള ഉഭയകക്ഷി വ്യപാരം ഒരു ലക്ഷം കോടി ഡോളർ കവിഞ്ഞതിനെ മന്ത്രി പ്രത്യേകം എടുത്ത് പറഞ്ഞു.