ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന രോഗമാണ് വാതരോഗം. സന്ധികളില്‍ ഉണ്ടാകുന്ന നീർക്കെട്ടും, വേദനയും ആണ് ഇതിന്റെ പ്രധാന ലക്ഷണം. ശരീരത്തിലെ ചെറുതും വലുതുമായ ഏതു സന്ധികളെയും ബാധിക്കാൻ കെൽപ്പുള്ളതാണ് ഈ രോഗം. കൈമുട്ട്, കാല്‍മുട്ട്, കൈപ്പത്തി, കാല്‍പാദം, ഇടുപ്പ്, നട്ടെല്ല് അങ്ങനെ എവിടെയും ഈ രോഗം ബാധിക്കപ്പെടുന്നു. നാല്പതു വയസ്സ് കഴിഞ്ഞവരിലും, വണ്ണമുള്ള, ശരീരഭാരം കൂടിയ ആള്‍ക്കാരിലും ആണിത് പൊതുവേ കാണുന്നതെങ്കിലും, മുപ്പതു മുപ്പത്തഞ്ചു വയസായവരിലും അപൂർവമായി ഈ രോഗം കാണപ്പെടുന്നു.
സന്ധികളിലെ നീർക്കെട്ട് അല്ലെങ്കില്‍ കോശജ്വലനം (inflammation) ആണ് വാതം. തണുപ്പ് കാലത്ത് കാല്‍മുട്ടിനോ, കൈമുട്ടിനോ വേറേതെങ്കിലും സന്ധികളിലോ വേദന, പിടുത്തം, സന്ധികളിലെ ലിഗ്മെന്റുകൾക്ക് ഉണ്ടാകുന്ന പിടിത്തം,രാത്രിയിലും, തണുപ്പുകാലത്തും വേദന കൂടുന്ന അവസ്ഥ, സന്ധികളില്‍ കുത്തുന്ന പോലെയുള്ള വേദന, കൈവിരലുകള്‍ക്ക് തരിപ്പ്, ഇരുന്ന് എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന പിടിത്തം, അകാരണമായ നീര് ഇവയെല്ലാമാണ് രോഗത്തിന്റെ പ്രധാനലക്ഷണങ്ങൾ.
പ്രായം ആയവര്‍ക്ക് മാത്രം വന്നിരുന്ന ഒരു രോഗമായാണ് വാതത്തെ ആദ്യം കരുതിയിരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരുടെ ഇടയിലും കുട്ടികളിലും ധാരാളമായി ഈ രോഗാവസ്ഥ കണ്ടുവരുന്നു. ആമവാതം,രക്തവാതം , നടുവിനു വരുന്ന നീർക്കെട്ട്, തോളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ, കാൽമുട്ടു വേദന എന്നിവയെല്ലാം വാതരോഗങ്ങളുടെ വിവിധ ഭാവങ്ങളാണ്. തുടക്കത്തിലെ അനുയോജ്യമായ ചികിത്സ എടുക്കണമെന്നതാണ് പ്രധാനം. രക്തവാതം (റുമാറ്റിക് ഫീവർ), കാവസാക്കി രോഗം, ജുവനൈൽ ഇഡിയോപതിക് ആർത്രൈറ്റിസ് (JIA) എന്നിവയാണ് കുട്ടികളിൽ സാധാരണയായി കണ്ടുവരുന്നത്. ഞരമ്പിന്റെ നിരന്തരം ഉള്ള ഞെരുക്കള്‍ വഴി സംവേദനക്ഷമത നശിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. കൃത്യമായ ചികിത്സ കൊടുത്തില്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനും വാതരോഗം കാരണമാകും.
വിരുദ്ധ സ്വഭാവമുള്ള ആഹാരങ്ങൾ സ്ഥിരമായി ഭക്ഷിക്കുക, വ്യായാമക്കുറവ്, ക്രമം തെറ്റിയ ആഹാര രീതി, ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുക തുടങ്ങിയ ആഹാരത്തിലെ തെറ്റായ ശീലങ്ങളും കൂടാതെ ഏമ്പക്കം, കീഴ്വായു, തുമ്മൽ, കോട്ടുവായ, ഉറക്കം, ചുമ, വിശപ്പ്, ദാഹം, കണ്ണീര്, കിതപ്പ്, ഛർദി, ശുക്ല വിസർജനം എന്നീ പ്രകൃതിദത്തമായ ആവശ്യങ്ങളെ തടയുകയോ ബലം പ്രയോഗിച്ച് പുറപ്പെടുവിക്കുകയോ ചെയ്യുന്നത് കാലക്രമത്തിൽ വാതരോഗങ്ങൾക്ക് കാരണമായേക്കാം.
ചിട്ടയായ ജീവിത ശൈലീ നയിക്കുകയും കൃത്യമായ കാത്സ്യം, വൈറ്റമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങളിലൂന്നിയുള്ള ഭക്ഷണക്രമം അനുവർത്തിക്കുകയും വ്യായാമം ശീലമാക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പ്രധാന പ്രതിവിധി.
STORY HIGHLIGHT: Arthritis