സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിതീകരണം. സെപ്റ്റംബര്‍ 9ന് പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച യുവാവിനാണ് നിപ്പ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സമയത്ത് നടത്തിയ രക്ത പരിശോധനയുടെ ഫലം വന്നതോടെയാണ് യുവാവിനെ നിപ്പ പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
സാംപിള്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ ഫലം പോസിറ്റീവാകുകയും ആയിരുന്നു. തുടര്‍ന്ന് സ്ഥിരീകരണത്തിനായി പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് സാംപിള്‍ അയക്കുകയായിരുന്നു. മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവ് ബെംഗളുരുവില്‍ പഠിക്കുകയായിരുന്നു. കാലിന് അസുഖമായതോടെ നാട്ടില്‍ എത്തി. പിന്നാലെ യുവാവിന് പനി ബാധിക്കുകയായിരുന്നു. പനി ബാധിച്ച യുവാവിന് ഛർദിയുണ്ടായിന്നു. ആദ്യം നടുവത്തുള്ള സ്വകാര്യ ക്ലിനിക്കിലും പിന്നീട് വണ്ടൂരുള്ള സ്വകാര്യ ക്ലിനിക്കിലും യുവാവിനെ ചികിത്സയ്ക്കായി കൊണ്ടു പോയിരുന്നു. പനി മാറാതെ വന്നതോടെയാണു പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ നിപ്പ സ്ഥിരീകരിച്ചതോടെ പുണെ വൈറോളജി ലാബില്‍ നിന്നുള്ള സ്രവ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഉന്നത തല സംഘം യോഗം കൂടുന്നുണ്ട്. യുവാവിന്റെ റൂട്ട് മാപ്പും കബറടക്കം അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്. യുവാവുമായി സമ്പർക്കമുള്ള സഹോദരി, സുഹൃത്ത് എന്നിവരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. വണ്ടൂർ തിരുവാലി പഞ്ചായത്തിലാണ് യുവാവിന്റെ വീട്. ഇവിടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.