ഒരുകാലത്ത് അധികം സഞ്ചാരികളൊന്നും എത്താതിരുന്ന ഓഫ്‌ബീറ്റ് ഡെസ്റ്റിനേഷനായിരുന്നു ഉത്തരാഖണ്ഡിലെ ധനോള്‍ട്ടി. ഇപ്പോഴാണെങ്കില്‍ സാഹസികസഞ്ചാരികള്‍ക്കും ബാക്ക്പാക്കര്‍മാര്‍ക്കും ഏറെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണിവിടം. 2250 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഹിമാലയൻ പർവതനിരകളുടെ അതിമനോഹരമായ കാഴ്ചകള്‍ക്കും സുഖകരമായ കാലാവസ്ഥയ്ക്കും പ്രസിദ്ധമാണ്. പ്രകൃതിരമണീയതയ്ക്കൊപ്പം ട്രെക്കിങ് പോലുള്ള വിനോദങ്ങള്‍ക്കായി ഒട്ടേറെ പാതകളും ഇവിടെയുണ്ട്. ധനോള്‍ട്ടിയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ മനോഹരമായ കാലാവസ്ഥയ്ക്കൊപ്പം, എണ്ണമറ്റ കാഴ്ചകളും സാഹസിക വിനോദങ്ങളും വാഗ്ദാനം ചെയ്യുന്ന ഉത്തരാഖണ്ഡിലെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനാണ് ധനോള്‍ട്ടി. ഒരു ദിവസം കൊണ്ടൊന്നും ഇവിടം മുഴുവന്‍ കണ്ടുതീര്‍ക്കാന്‍ കഴിയില്ല. ആംബർ, ധാര എന്നിങ്ങനെ ധനോള്‍ട്ടിയിൽ രണ്ട് ഇക്കോ പാർക്കുകളുണ്ട്.
വനംവകുപ്പിന്‍റെ കീഴിലുള്ള പാര്‍ക്കില്‍ വൈവിധ്യമാർന്ന സസ്യജാലങ്ങളും പക്ഷി ഇനങ്ങളുമെല്ലാം കാണാം. സഞ്ചാരികള്‍ക്ക് പകല്‍സമയത്ത് എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാവുന്നതാണ്. പതിനാറാം നൂറ്റാണ്ടിലെ ദിയോഗർ കോട്ടയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. പ്രതാപ്ഗഢിന് സമീപമുള്ള ഈ കോട്ട സമുച്ചയത്തിൽ വിപുലമായ ഫ്രെസ്കോകളുള്ള മനോഹരമായ കൊട്ടാരങ്ങളുണ്ട്. അആരെയും വിസ്മയിപ്പിക്കുന്ന മനോഹരമായ ജൈന ക്ഷേത്രങ്ങളും കോട്ടയ്ക്കകത്തുണ്ട്. സതിദേവിയുടെ ഇരിപ്പിടമായി കണക്കാക്കുന്ന സുർക്കന്ദ ദേവി ക്ഷേത്രവും സന്ദര്‍ശിക്കേണ്ടതാണ്. 3021 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ ചുറ്റുമുള്ള പ്രദേശത്തിന്‍റെ സുന്ദരമായ വിശാലദൃശ്യം കാണാം.
ന്യൂ തെഹ്‌രി മേഖലയിൽ സ്ഥിതി ചെയ്യുന്ന തെഹ്‌രി ഡാം ആണ് ധനോൽട്ടിയിലെ ഏറ്റവും മനോഹരമായ മറ്റൊരു കാഴ്ച. പിക്നിക്കിനായി ഇവിടെ ധാരാളം ആളുകള്‍ എത്തുന്നു, ബോട്ടിങ് പോലുള്ള വിനോദങ്ങളുമുണ്ട്. കൂടാതെ, ഉത്തരാഖണ്ഡ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഉരുളക്കിഴങ്ങ് ഫാം, ദശാവതാർ ക്ഷേത്രം, ഉത്തരാഖണ്ഡ് സംസ്ഥാനത്തെ മികച്ച സാഹസിക ക്യാംപുകളിലൊന്നായി കണക്കാക്കപ്പെടുന്ന ക്യാമ്പ് തങ്ധർ എന്നിവയും സന്ദര്‍ശിക്കാം. സിപ്പ് ലൈനിങ്, പാരാഗ്ലൈഡിങ്, റാപ്പെല്ലിങ്, വാലി ക്രോസിങ്, സ്കൈ വാക്കിങ് തുടങ്ങിയവയാണ് ധനോൾട്ടിയിൽ ചെയ്യേണ്ട ചില മികച്ച കാര്യങ്ങൾ.
തെഹ്‌രി ജില്ലയുടെ സ്ഥാപകനായ രാജാ സുദർശൻ ഷാ ഭരിച്ചിരുന്ന പതിനേഴാം നൂറ്റാണ്ടിലാണ് ധനോള്‍ട്ടിയുടെ ചരിത്രം ആരംഭിക്കുന്നത്. തെഹ്‌രി ഗർവാൾ മേഖലയിൽ അദ്ദേഹം രാജ്യം സ്ഥാപിച്ചു. 1859- ൽ മരണശേഷം, സുദർശൻ ഷായുടെ സിംഹാസനം അദ്ദേഹത്തിന്‍റെ പിൻഗാമികൾക്ക് കൈമാറി. തെഹ്‌രി ഗർവാൾ മേഖലയിലെ ആളുകൾ ക്വിറ്റ് ഇന്ത്യാ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. മാത്രമല്ല, 1947- ൽ സ്വാതന്ത്ര്യം ലഭിച്ചയുടനെ അവർ ഗർവാൾ രാജാവിന്‍റെ ഭരണത്തിനെതിരെ പ്രതിഷേധം നടത്തി. ഇത് തെഹ്‌രി ഗർവാൾ മേഖലയെ ഉത്തർപ്രദേശിൽ ലയിപ്പിക്കുന്നതിലേക്ക് നയിച്ചു. പിന്നീട് 2000-ൽ ഉത്തർപ്രദേശ് വിഭജിക്കപ്പെട്ടപ്പോൾ ധനോൾട്ടി ഉള്‍പ്പെടുന്ന തെഹ്‌രി ഗർവാൾ ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ ഉൾപ്പെടുന്ന ഒരു സ്വതന്ത്ര ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ മസ്സൂറി ഇവിടെ നിന്നും വെറും 24 കിലോമീറ്റര്‍ ദൂരത്തിലാണ്.
ധനോള്‍ട്ടി സന്ദർശിക്കാൻ പറ്റിയ സമയംവർഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണ് ധനോള്‍ട്ടിയില്‍ അനുഭവപ്പെടുന്നത്. മഞ്ഞുകാലത്തെ കാഴ്ചകളാണ് വേണ്ടതെങ്കില്‍ ഒക്ടോബർ മുതൽ ഏപ്രിൽ വരെ എപ്പോൾ വേണമെങ്കിലും ഈ മനോഹരമായ ഹിൽ സ്റ്റേഷൻ സന്ദർശിക്കാം. റാപ്പല്ലിങ്, പാരാഗ്ലൈഡിങ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളും ഈ സമയത്താണ് സജീവമാകുന്നത്. എന്നാല്‍ കനത്ത മഴ പെയ്യുന്ന ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൺസൂൺ കാലം ഒഴിവാക്കുന്നതാണ് നല്ലത്.ഇവിടേക്ക് എത്തിച്ചേരാനും വളരെ എളുപ്പമാണ്. ഋഷികേശ് സ്റ്റേഷനും ഡെറാഡൂൺ സ്റ്റേഷനുമാണ് ധനോള്‍ട്ടിക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.