ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്നിൻ തിരുവോണത്തെ വരവേൽക്കുകയാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും കൂടിച്ചേരലും എല്ലാമായി നിറഞ്ഞ സന്തോഷത്തിന്റെ ഓണമാണ് ഇത്തവണയും. അല്ലലില്ലാതെ, ഐക്യത്തോടെ കഴിഞ്ഞ നാളുകളുടെ നല്ല ഓർമയിൽ, മഹാബലിയെ വരവേൽക്കുന്ന ദിവസത്തിൽ ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.
ആചാരപ്പെരുമയിൽ ആന്മുള ക്ഷേത്രത്തിൽ ഇന്ന് ഓണസദ്യ
ആചാരപ്പെരുമയിൽ ആന്മുള ക്ഷേത്രത്തിൽ ഇന്ന് ഓണസദ്യ. വിഭവങ്ങളുമായി തിരുവോണത്തോണി ക്ഷേത്രത്തിലെത്തും. തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിനും ഇന്ന് കൊടിയിറങ്ങും. ക്ഷേത്രത്തിലേക്കെത്തുന്ന മഹാബലിയെ വാമനൻ വരവേൽക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. പത്തു ദിവസത്തെ അന്നദാനത്തിന് സമാപനം കുറിച്ച് രാവിലെ പത്തരയോടെ തിരുവോണ സദ്യ വിളമ്പും. കളമശേരി നഗരസഭയാണ് സദ്യ ഒരുക്കുന്നത്.