ന്യൂഡൽഹി: കൃത്രിമമായി മഴ പെയ്യിക്കുന്നതുപോലെ തന്നെ കനത്ത മഴയെ തടഞ്ഞു നിർത്താനും കേന്ദ്രസർക്കാർ സാങ്കേതികവിദ്യ വികസിപ്പിക്കുന്നു. 5 വർഷത്തിനുള്ളിൽ മഴ നിയന്ത്രണം അടക്കം കാലാവസ്ഥ നിരീക്ഷണ രംഗത്തു വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ടു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം തുടക്കം കുറിച്ച ‘മിഷൻ മൗസം’ പദ്ധതിയുടെ ഭാഗമാണ് ക്ലൗഡ് സീഡിങ് പരീക്ഷണങ്ങൾ. പദ്ധതിയുടെ ഗവേഷണങ്ങൾക്കായി ആദ്യഘട്ടത്തിൽ 2000 കോടി രൂപ അനുവദിച്ചു.
മേഘങ്ങൾക്കുള്ളിലെ ചൂടു വർധിപ്പിച്ചു മഴത്തുള്ളികളാകുന്നതു തടയുക, കാന്തിക മണ്ഡലങ്ങളുപയോഗിച്ചു മേഘങ്ങളെ വിഘടിപ്പിക്കുക തുടങ്ങിയവയാണു മഴ നിയന്ത്രണത്തിനായി പരീക്ഷിക്കുക. പദ്ധതി വിജയകരമായാൽ തുടർച്ചയായി കനത്ത മഴ പെയ്യുന്ന പ്രദേശങ്ങളിൽ മഴ നിർത്താനും ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവ തടയാനും സാധിക്കും. മഴയ്ക്കൊപ്പം ഇടിമിന്നൽ, ആലിപ്പഴ വർഷം എന്നിവ നിയന്ത്രിക്കാനും സാധിക്കുമെന്നാണു ഗവേഷകർ കരുതുന്നത്. 5 വർഷത്തെ ദൗത്യം 2 ഘട്ടങ്ങളിലായി നടപ്പാക്കുമെന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.രവിചന്ദ്രൻ പറഞ്ഞു. ഡോപ്ലർ റഡാറുകൾ ഉൾപ്പെടെ കൂടുതലായി സ്ഥാപിച്ചു കാലാവസ്ഥ നിരീക്ഷണ ശൃംഖല വിപുലീകരിക്കുകയാണ് 2026 മാർച്ച് വരെ നീളുന്ന ആദ്യഘട്ടം. ഉപഗ്രഹങ്ങളും വിമാനങ്ങളും ഉപയോഗിച്ചുള്ള നിരീക്ഷണമാണു രണ്ടാം ഘട്ടം.