റിയാദ് സീസണ് ഉപയോഗിക്കാനായി ജിദ്ദയിൽനിന്ന് റോഡ് മാർഗം കൊണ്ടുപോകുന്ന മൂന്നു പഴയ വിമാനങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി സൗദിലെ സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നത്. ആഡംബര കാറുകൾ സമ്മാനമായി പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നത്. റോഡരികിൽ വിമാനങ്ങളെ നൃത്തം ചെയ്തു സ്വീകരിച്ച സൗദി പൗരനാണ് ആദ്യ സമ്മാനം ലഭിച്ചത്. ശേഷം സൗദി എയർലൈൻസ് വിമാനം റിയാദിലെത്തിക്കുന്ന ചിത്രം പകർത്തിയ മൂന്ന് പേർ കൂടി വിജയികളായി. വിമാനങ്ങളുടെ ഏറ്റവും നല്ല വീഡിയോകളും ഫോട്ടോകളും പകർത്തുന്ന ആറ് പേർക്കാണ് ലക്ഷ്വറി കാറുകൾ സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ജനങ്ങളുടെ വൻ പങ്കാളിത്തം കണക്കിലെടുത്ത് സമ്മാനമായി ഏറ്റവും പുതിയ മോഡൽ അഞ്ചു ആഡംബര കാർ കൂടി നൽകുമെന്ന് എന്റെർടൈമെന്റ് അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ചെറിയ കുട്ടിയടക്കം മൂന്നു പേരാണ് ഇപ്പോൾ സമ്മാനത്തിനർഹരായത്. സൈനിക വേഷത്തിൽ വിമാനങ്ങളെ സ്വീകരിക്കുന്ന സൗദി ബാലന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്.
ആഘോഷത്തോടെയാണ് ഈ വമ്പൻ വിമാനങ്ങളുടെ നടുറോഡിലൂടെയുള്ള യാത്ര. പ്രധാന റോഡിലൂടെ ഉയരം ഒരു പ്രശ്‌നമായതിനാൽ മറ്റു റോഡുകളാണ് ആശ്രയിക്കുന്നത്. ഗ്രാമങ്ങളിലൂടെ പോകുന്ന ഈ കൂറ്റൻ വിമാനങ്ങൾക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഈ അത്ഭുത കാഴ്ച കാണാനായി സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ റോഡിനിരുവശവും കൗതുകത്തോടെ കാത്തുനിൽക്കും. വിവിധ ഗ്രാമപ്രമുഖന്മാർ തൊഴിലാളികളെ കഹ്വ നൽകി സ്വീകരിക്കുന്നതും കാണാം. 600 ഓളം കിലോമീറ്റർ ഇതിനകം പിന്നിട്ടിട്ടുണ്ട്. രണ്ടാഴ്ചയോളം യാത്ര വേണം റിയാദിലെത്താൻ. 12 ലക്ഷം റിയാലാണ് ചെലവായി കണക്കാക്കുന്ന തുക. നിർമിത ബുദ്ധി അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് വിമാനങ്ങൾ റിയാദിലേക്ക് കൊണ്ടുപോകുന്നത്.