ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ ഡൽഹിയിൽ ആംആദ്മി പാർട്ടി നേതാക്കളുടെ യോഗം ചേർന്നു. സഞ്ജയ് സിംഗ്, ഗോപാൽറായ്, രാഘവ് ചദ്ധ, അതിഷി തുടങ്ങിയ നേതാക്കള്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് ശേഷം നേതാക്കൾ വാർത്താ സമ്മേളനം നടത്തുമെന്നാണ് വിവരം.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു പുറത്തെത്തിയതിനു പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചത്.
“ഞാൻ മുഖ്യമന്ത്രിയാകണമോയെന്നു ജനങ്ങൾ തീരുമാനിക്കട്ടെ. തെരുവിലേക്കും ഓരോ വീട്ടിലേക്കും ഞാനിറങ്ങുകയാണ്. ഞാൻ സത്യസന്ധനാണെന്നു നിങ്ങൾക്കു തോന്നിയാൽ വലിയ തോതിൽ എനിക്കു വോട്ട് രേഖപ്പെടുത്തണം. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടാൽ മാത്രമ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കൂ.’- കെജ്‌രിവാൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാർട്ടി ആസ്ഥാനത്ത് വച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കേജരിവാൾ പറഞ്ഞു.
ഡല്‍ഹിയില്‍ ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം നവംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കെജ്‍രിവാളിനെതിരെ പരിഹാസവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. അരവിന്ദ് കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനം രാഷ്ട്രീയ നാടകമെന്ന് ഡൽഹി കോൺഗ്രസ്സ് അധ്യക്ഷൻ ദേവേന്ദർ യാദവ് പ്രതികരിച്ചു.
രാജിവയ്ക്കാൻ എന്തിനാണ് രണ്ടുദിവസം കൂടി കാത്തുനിൽക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും പറഞ്ഞു. കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനം വെറും ഗിമ്മിക്കാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. കെജ്‌രിവാൾ വളരെക്കാലം മുമ്പേ രാജിവയ്ക്കേണ്ടതായിരുന്നെന്നും ധാർമികതയും അദ്ദേഹവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ദീക്ഷിത് കൂട്ടിച്ചേർത്തു.
രണ്ട് ദിവസത്തിനുള്ളിൽ രാജിവയ്ക്കുമെന്ന കെജ്‌രിവാളിൻ്റെ പ്രഖ്യാപനം വെറും പിആർ സ്റ്റണ്ട് ആണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഡൽഹി നിവാസികൾക്കിടയിലെ തൻ്റെ പ്രതിച്ഛായ സത്യസന്ധനായ നേതാവെന്നതിൽനിന്ന് അഴിമതിക്കാരനായി മാറിയെന്ന് കെജ്‌രിവാൾ സ്വയം തിരിച്ചറിയുന്നു. ആം ആദ്മി പാർട്ടി ഇപ്പോൾ അഴിമതി നിറഞ്ഞ പാർട്ടിയായി മാറിയെന്നും ബിജെപി നേതാവ് ആരോപിച്ചു.