കത്വ: ജമ്മു കശ്മീരിലെ കത്വവിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കത്വ ജില്ലയിലെ ബങ്ക് ഏരിയയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ വെടിവെച്ചതിന് പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. പ്രദേശത്ത് പൊലീസും സുരക്ഷാസേനയും ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്.
ഇന്ന് പുലർച്ചെ പൂഞ്ച് ജില്ലയിലെ മെന്ദർ സെക്ടറിലെ പത്തനാതീറിനടുത്തുള്ള കലാബൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
പൂഞ്ചിലെ പത്തനട്ടീർ മേഖലയിലാണ് രാവിലെ ഏറ്റുമുട്ടൽ തുടങ്ങിയത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരർ വെടിയുതിർത്തത്. വൈകിട്ടും സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
മൂന്നു ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരിലൊരാൾ സംഘടനയുടെ കമാൻഡർമാരിൽ ഒരാളെന്നാണ് റിപ്പോർട്ട്.
കരസേനയുടെ റോമിയോ ഫോഴ്‌സ്, പൂഞ്ച് പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി), സി.ആർ.പി.എഫ് എന്നിവർ പ്രദേശത്ത് നടത്തുന്ന സംയുക്ത തിരച്ചിൽ പുരോഗമിക്കുകയാണ്.
ബുധനാഴ്ചയാണ് ജമ്മുകശ്മീരിലെ ആദ്യ ഘട്ട വോട്ടിംഗ്. അനന്ത്നാഗ്, പുൽവാമ, ഷോപിയാൻ, കുൽഗാം ജില്ലകളിലെ 16 മണ്ഡലങ്ങൾക്കൊപ്പം ചെനാബ് താഴ്‌വരയിലെ ദോഡ, കിഷ്ത്വാർ, റാംബാൻ ജില്ലകളിലെ എട്ടു സീറ്റുകളിലും വോട്ടെടുപ്പുണ്ട്.