കത്തി പോലെ കൂർത്ത് മുന്നോട്ടു നീണ്ടുനിൽക്കുന്ന മുഖമുള്ള പാമ്പിനെ ആദ്യമായി ഇന്ത്യയിൽ കണ്ടെത്തി. ഇത് തികച്ചും പുതിയ സ്‌പീഷിസിലുള്ള പാമ്പാണെന്ന് അധികൃതർ അറിയിച്ചു. ലോങ് സ്‌നൗട്ടഡ് വൈൻ സ്‌നേക്ക് എന്നു പേരുള്ള പാമ്പിനത്തിന്‌റെ രണ്ട് സ്‌പെസിമനുകൾ ബിഹാറിലും മേഘാലയയിലുമായാണ് കണ്ടെത്തിയത്. കണ്ടെത്തലിന്‌റെ വിവരങ്ങൾ ഏഷ്യ പസിഫിക് ബയോഡൈവേഴ്‌സിറ്റി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
സൗരഭ് വർമ, സോഹൻ പട്ടേക്കർ എന്നീ ശാസ്ത്രജ്ഞർ ബിഹാറിലൂടെ നടക്കുമ്പോഴാണ് ഈ ഇനത്തിലുള്ള ഒരു ചത്ത പാമ്പിനെ ആദ്യമായി കണ്ടെത്തിയത്. 4 അടിയോളം നീളമുള്ള ഈ പാമ്പ് അവരെ അദ്ഭുതപ്പെടുത്തി. ഇത്തരത്തിലൊരു പാമ്പിനെ ഇതുവരെ നേരത്തെ അവർ കണ്ടിട്ടുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് വൈൻ സ്‌നേക് ഗണത്തിൽപെടുന്ന പുതിയ ഇനം പാമ്പിനെയാണ് തങ്ങൾ കണ്ടെത്തിയതെന്ന് ഗവേഷകർ ഉറപ്പിച്ചത്.
അഹറ്റുല്ല ലോംഗിറോസ്ട്രിസ് എന്നാണ് ഈ പാമ്പിനത്തിന്‌റെ ശാസ്ത്രനാമം.തിളങ്ങുന്ന പച്ച,ഓറഞ്ച് ബ്രൗൺ എന്നീ നിറങ്ങളിൽ ഈ പാമ്പുകൾ കാണപ്പെടാറുണ്ട്. ഓറഞ്ച് നിറത്തിലാണ് ഇവയുടെ വയർഭാഗം. കാടുകളിലും നഗരപ്രാന്തങ്ങളിലും ഇവ താമസിക്കാറുണ്ടെന്ന് ഗവേഷകർ പറയുന്നു.
STORY HIGHLLIGHTS: long-snouted-vine-snake-discovered-india