India

‘രാഹുൽ ​ഗാന്ധി ഭീകരവാദി, പിടികൂടുന്നവർക്ക് പാരിതോഷികം നൽകണം’; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവനീത് സിങ് ബിട്ടു. യു.എസിലെ സിഖ് സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശമാണ് ബിട്ടുവിനെ ചൊടിപ്പിച്ചത്.

രാഹുൽ ഒന്നാന്തരം ഭീകരവാദിയാണെന്നും രാജ്യദ്രോഹികൾ അദ്ദേഹത്തിന് പിന്തുണ നൽകുന്നുണ്ടെന്നും ബിട്ടു ആരോപിച്ചു. രാഹുലിനെ പിടികൂടുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്നും ബിട്ടു പരിഹസിച്ചു.

‘നേരത്തെ, അവർ മുസ്‌ലിംകളെ ഉപയോഗിക്കാൻ ശ്രമിച്ചു, പക്ഷേ അത് നടന്നില്ല. ഇപ്പോൾ അവർ സിഖുകാരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. രാഹുൽ ഗാന്ധിക്ക് മുമ്പ് രാജ്യത്തെ ഏറ്റവും കുപ്രസിദ്ധരായ ആളുകൾ ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നു. തീവ്രവാദികൾ പോലും രാഹുൽ ഗാന്ധിയുടെ പരാമർശത്തെ അഭിനന്ദിച്ചു. അത്തരക്കാർ പിന്തുണയ്ക്കുമ്പോൾ, രാഹുൽ ​ഗാന്ധി രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദിയാണ്’- രവ്‌നീത് സിങ് ബിട്ടു പറഞ്ഞു.

രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് രാഹുൽ ​ഗാന്ധിയെന്നും അദ്ദേഹത്തെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ‘രാഹുൽ ​ഗാന്ധി ഇന്ത്യക്കാരനല്ല. കാരണം അദ്ദേഹം കൂടുതൽ സമയവും ചെലവഴിക്കുന്നത് ഇന്ത്യക്ക് പുറത്താണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബക്കാരും അവിടെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് രാജ്യത്തെ സ്നേഹിക്കാനാവാത്തതും വിദേശത്തു പോയി ഇന്ത്യയെ കുറിച്ച് നെ​ഗറ്റീവ് കാര്യങ്ങൾ പറയുന്നതും’- ബിട്ടു ആരോപിച്ചു.

ഇതേ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ തർവീന്ദർ സിങ് മർവ രാഹുലിന് നേരെ വധഭീഷണിയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.