ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹരിയാന ബി.ജെ.പിയിൽ തർക്കം. മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് അനില്‍ വിജ് രംഗത്തെത്തിയതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ നേതൃത്വം അനില്‍ വിജിന്റെ ആവശ്യം തള്ളി.
ഇന്ന് രാവിലെയാണ് മുതിര്‍ന്ന നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ അനില്‍ വിജ് മുഖ്യമന്ത്രി പദം അവകാശപ്പെട്ടത്. ആറ് തവണ എംഎല്‍എ ആയിട്ടുള്ള അനില്‍ വിജ് പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന സാമാജികനാണ്. ഇത്തവണ അദ്ദേഹം ഏഴാം തവണയാണ് മത്സരത്തിനിറങ്ങുന്നത്.
‘ഞാന്‍ ഇതുവരെ പാര്‍ട്ടിയോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഹരിയാണയില്‍ നിന്നുള്ള ആളുകള്‍, പ്രത്യേകിച്ച് എന്റെ സ്വന്തം മണ്ഡലത്തില്‍ നിന്നുള്ളവര്‍ ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് ഞാന്‍ അവകാശവാദം ഉന്നയിക്കും’ അനില്‍ വിജ് പറഞ്ഞു.
എന്നാല്‍ ഹരിയാന ബി.ജെ.പിയുടെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍ അനില്‍ വിജിന്റെ അവകാശവാദങ്ങളെ തള്ളി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിറ്റിങ് മുഖ്യമന്ത്രി നയാബ് സിങ് സൈനി പാര്‍ട്ടിയുടെ മുഖമായി തുടരുമെന്ന് പ്രധാന്‍ പറഞ്ഞു.
ഹരിയാനയില്‍ ബിജെപി നടത്തിയ നേതൃ മാറ്റത്തില്‍ നേരത്തെ തന്നെ അനില്‍ വിജ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മനോഹര്‍ ലാല്‍ ഖട്ടാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന താന്‍ പകരക്കാനാകുമെന്ന് അനില്‍ വിജ് പ്രതീക്ഷിച്ചിരുന്നു.