മധ്യ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന കോസ്റ്ററിക്ക എന്ന രാജ്യത്തിന്റെ ഭാഗമാണ് കോക്കോസ് ദ്വീപ്. ഈ ദ്വീപ് മുഴുവൻ കൊടുംവനമാണ്. ചില സുരക്ഷാ ഉദ്യോഗസ്ഥരല്ലാതെ ഇവിടെ സ്ഥിരതാമസക്കാരില്ല. 1978 മുതൽ ഈ മേഖല ഒരു ദേശീയോദ്യാനമായി കണക്കാക്കപ്പെട്ടിരിക്കുകയാണ്. വിനോദസഞ്ചാരികൾക്ക് പ്രത്യേക അനുമതിയോടെ ഇവിടെ സന്ദർശിക്കാം. എന്നാൽ ക്യാംപൊരുക്കാനോ രാത്രി താമസിക്കാനോ പാടില്ല. സ്കൂബ ഡൈവർമാരുടെ ഇഷ്ടപ്പെട്ട ഇടമാണ് ഈ ദ്വീപിനു ചുറ്റുമുള്ള കടൽ. ഹാമർഹെഡ് ഗണത്തിലുള്ള സ്രാവുകൾ, വിവിധയിനം തിരണ്ടികൾ, ഡോൾഫിനുകൾ, മറ്റു സമുദ്രജീവികൾ എന്നിവയെല്ലാം ഈ കടലിലുണ്ട്. 1997ൽ യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിലും ഈ ദ്വീപ് ഉൾപ്പെട്ടു. കോസ്റ്ററിക്കയുടെ പ്രധാനകരയിൽ നിന്ന് 550 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഈ ദ്വീപിലെത്താൻ 36 മുതൽ 48 മണിക്കൂർ യാത്ര ചെയ്യണം.
ദ്വീപിന്റെ പരിസ്ഥിതി വൈവിധ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ ഇതേക്കുറിച്ച് മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. ഈ ദ്വീപിലുണ്ടെന്നു വിശ്വസിക്കുന്ന ഒരു വമ്പൻ നിധിയുടെ കഥയാണത്. ഈ കഥയറിയാൻ രണ്ട് നൂറ്റാണ്ട് പിന്നിലേക്കു പോകണം. വർഷം 1820. പെറുവിലെ ലിമ നഗരം ഒരു വലിയ പ്രക്ഷോഭത്തിന്റെ വക്കിലാണ്. സ്പാനിഷ് ഭരണത്തിനെതിരെ പെറുവിൽ വലിയ പ്രക്ഷോഭം അക്കാലത്ത് ഉയർന്നു തുടങ്ങിയിരുന്നു. ഇതിനിടെ അർജന്റീനയിലെ മിലിട്ടറി ജനറലായ ജോസ് ഡി സാൻ മാർട്ടിനും ലിമയിൽ ആക്രമണം നടത്തുമെന്ന് ഒരു വാർത്ത പരന്നു.ഇതോടെ നഗരത്തിലെ സമ്പത്ത് അന്യാധീനപ്പെടുമോയെന്ന ഭീതിയിലായി സ്പാനിഷ് അധികൃതർ. അവിടുത്തെ വൈസ്രോയി ഒടുവിൽ ഒരു പോംവഴി കണ്ടെത്തി. അപൂർവമായ രത്നങ്ങളും സ്വർണപ്രതിമകളുമൊക്കെയടങ്ങിയ സമ്പത്ത് മെക്സിക്കോയിലേക്ക് കടത്തുക എന്നതായിരുന്നു അത്.
പതിനൊന്ന് കപ്പലുകൾ വേണ്ടിവന്നു ഈ വമ്പൻ നിധിശേഖരം വഹിക്കാൻ. മേരി ഡിയർ എന്ന കപ്പലിന്റെ ക്യാപ്റ്റനായ വില്യം തോംസനായിരുന്നു നിധി മെക്സിക്കോയിലെത്തിക്കാനുള്ള ചുമതല. എന്നാൽ വൈസ്രോയിക്ക് തോംസനെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. ക്രൂരതയുടെ പര്യായമായിരുന്നു പഴയ കടൽക്കൊള്ളക്കാരനായ തോംസൺ. പെറുവിൽ നിന്നു നിധിയോടൊപ്പം വന്ന ഉദ്യോഗസ്ഥരെയെല്ലാം തോംസൺ കൊന്നു കടലിലെറിഞ്ഞു. തുടർന്ന് ശാന്തസമുദ്രത്തിലെ കൊക്കോസ് ദ്വീപുകളിലേക്ക് തോംസണും സംഘവും നിധി കടത്തി ഒളിപ്പിച്ചു. എന്നാൽ കുറച്ചുനാൾ ഒളിവിൽ കഴിഞ്ഞ ശേഷം രംഗത്തിറങ്ങിയ തോംസനെയും സംഘത്തെയും സ്പാനിഷ് അധികൃതർ പിടികൂടുക തന്നെ ചെയ്തു.
തോംസണും ഒരു കൂട്ടാളിയുമൊഴിച്ചുള്ള മറ്റു സംഘാംഗങ്ങളെ തൂക്കിലേറ്റി. കൊക്കോസ് ദ്വീപുകളിൽ നിധി എവിടെയുണ്ടെന്ന വിവരം അറിയാമെന്നതായിരുന്നു തോംസണെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കാരണം. സ്പാനിഷ് അധികൃതരെയും കൂട്ടി കൊക്കോസ് ദ്വീപിലേക്കെത്തിയ തോംസണും കൂട്ടാളിയും പക്ഷേ അതിവിദഗ്ധമായി അവിടെ കാട്ടിനുള്ളിലേക്കു കടന്നു. പിന്നീട് ഇവരെപ്പറ്റിയോ നിധിയെപ്പറ്റിയോ ആർക്കും ഒരു വിവരവുമില്ല. മുന്നൂറിലധികം പര്യവേക്ഷണങ്ങൾ പിന്നീടു കൊക്കോസ് ദ്വീപുകളിൽ നടത്തിയെങ്കിലും നിധി കണ്ടെത്താനായില്ല. ഇടതൂർന്നുനിൽക്കുന്ന മരങ്ങൾക്കിടയിലെവിടെയോ 100 കോടി ഡോളർ വിലമതിക്കുന്ന ആ നിധി ഒളിച്ചിരിപ്പുണ്ടെന്ന് ഇന്നും ചില സാഹസികർ വിശ്വസിക്കുന്നു. പക്ഷേ ദ്വീപിൽ നിധി തിരയുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട് കോസ്റ്ററിക്കൻ സർക്കാർ.
STORY HIGHLLIGHTS: the-uninhabited-costa-rican-paradise-with-a-hidden-treasure-legend