ബെംഗളൂരു: കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിന് കർണാടകത്തിലെ ബി.ജെ.പി. എം.എൽ.എ. മുനിരത്ന അറസ്റ്റിൽ. ബെംഗളൂരു കോർപ്പറേഷനിലെ മാലിന്യസംസ്‌കരണ കരാറുകാരനായ ചലുവരാജു, മുൻ നഗരസഭാംഗം വേലുനായകർ എന്നിവർ നൽകിയ പരാതികളിലാണ് പട്ടികവിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയുന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്.
വധഭീഷണിയുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ എഫ്ഐആർ. ഇതിൽ മുനിരത്നയടക്കം നാല് പേർക്കെതിരെയാണ് കേസ്. സഹായി വി.ജി കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ അഭിഷേക്, വസന്ത് കുമാർ എന്നിവരാണ് മറ്റു പ്രതികൾ. ജാതിയധിക്ഷേപത്തിനാണ് രണ്ടാമത്തെ എഫ്ഐആർ.
കൈക്കൂലിക്കായി മുനിരത്ന തന്നെ നിരന്തരം ബുദ്ധിമുട്ടിക്കുന്നതായി വാർത്താസമ്മേളനത്തിൽ പറഞ്ഞ ചെൽവരാജു, എംഎൽഎയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.
ശനിയാഴ്ച വൈകീട്ട് ആന്ധ്രയിലെ ചിറ്റൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോലാറിലെ മുൾബാഗിലുവിൽനിന്നാണ് മുനിരത്നയെ അറസ്റ്റുചെയ്തത്. തുടർനടപടിക്കായി മുനിരത്നയെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് കോലാർ പോലീസ് സൂപ്രണ്ട് നിഖിൽ പറഞ്ഞു.