Kollam

കൊല്ലത്ത് സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തി, ശരീരത്തിലൂടെ കാറെടുത്ത് മുന്നോട്ടുപോയി; സ്ത്രീക്ക് ദാരുണമരണം; കാറോടിച്ചയാള്‍ ഒളിവില്‍

കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി കാർ. റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കാർ ഓടിച്ചവർ രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചു.

സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്. കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ ഒളിവിലാണ്. കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ കാര്‍ ഡ്രൈവര്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്തു. അപകടം കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ അവിടേക്ക് ശ്രദ്ധിക്കുകയും പാഞ്ഞെത്തുകയും ചെയ്തു. വാഹനം മുന്നോട്ടെടുക്കരുത് നിര്‍ത്തൂ എന്ന് നാട്ടുകാര്‍ വിളിച്ചുപറഞ്ഞെങ്കിലും നാട്ടുകാരെ കടന്ന് അവരുടെ കൈയില്‍ പെടാതെ ഡ്രൈവര്‍ അതിവേഗം കാര്‍ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

കാര്‍ കുറച്ചുകൂടി മുന്നോട്ടുപോയെങ്കിലും നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി കാര്‍ നിര്‍ത്തിക്കാനായി. എങ്കിലും നാട്ടുകാരെ കബളിപ്പിച്ച് അജ്മല്‍ രക്ഷപ്പെടുകയും വനിതാ ഡോക്ടര്‍ കാറിലിരിക്കുകയുമായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത വനിതാ ഡോക്ടറുടെ സുഹൃത്താണ് വാഹനം ഓടിച്ചിരുന്നത്.

ഡോക്ടർ ഇപ്പോൾ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. അജ്മലിനായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇവർ മദ്യലഹരിയിലായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Latest News