ലഖ്നൗ: സോഷ്യൽമീഡിയയിൽ തനിക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തയാളെ വീട്ടിലെത്തി തല്ലി കോൺഗ്രസ് വനിതാ നേതാവ്. യു.പിയിൽനിന്നുള്ള കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാവായ റോഷ്നി കുശാൽ ജയ്സ്വാളാണ് സാഫ്രോൺ രാജേഷ് സിങ് എന്ന സോഷ്യൽമീഡിയ അക്കൗണ്ട് ഉടമയും വാരാണസി സ്വദേശിയുമായ രാജേഷ് സിങ്ങിനെ അടിച്ചത്.
ഞായറാഴ്ച വാരാണസിയിലെ ലാൽപൂർ-പാണ്ഡേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്ത്രീകളടക്കമുള്ള കോൺഗ്രസ് സഹപ്രവർത്തകർക്കൊപ്പമെത്തിയായിരുന്നു രാജേഷിനെ ഭാര്യയുടെയും മകളുടേയും മുന്നിലിട്ട് റോഷ്നി കൈകാര്യം ചെയ്തത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
റോഷ്നിയും സംഘവും എത്തിയതോടെ രാജേഷ് സിങ്ങിന്റെ വീട്ടുകാരുമായി തർക്കമുണ്ടായി. ഇതിനിടെ ആൾക്കൂട്ടം രാജേഷിനെ വീട്ടിൽനിന്നിറക്കുകയും ഇവർ പിടിച്ചുകൊടുത്തതിനെ തുടർന്ന് റോഷ്നിയും പിന്നീട് മറ്റുള്ളവരും അടിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. ഇതിനിടെ രാജേഷിന്റെ ഭാര്യയും മകളും തടയാൻ ശ്രമിക്കുകയും വിട്ടയക്കണമെന്ന് ആൾക്കൂട്ടത്തോട് അഭ്യർഥിക്കുകയും ചെയ്യുന്നുണ്ട്. ഭാര്യയാണ് ആൾക്കൂട്ടത്തിൽനിന്ന് ഇയാളെ രക്ഷിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോകുന്നത്.
നാല് വർഷമായി രാജേഷ് സമൂഹ മാധ്യമത്തിലൂടെ ബലാത്സംഗ ഭീഷണി മുഴക്കുന്നുണ്ടെന്നും മോശം കമന്റുകളിടുന്നുണ്ടെന്നും റോഷ്നി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ബലാത്സംഗം ചെയ്യുമെന്നും ഗർഭിണിയാക്കുമെന്നും പറഞ്ഞ് ഇയാൾ പലതവണ പോസ്റ്റിട്ടതായും വനിതാ നേതാവ് വ്യക്തമാക്കി. ഇയാൾ എങ്ങനെയുള്ള ആളാണെന്ന് ഭാര്യയ്ക്കും മകൾക്കും മനസിലാകാൻ വേണ്ടിയാണ് വീട്ടിലെത്തിയതെന്നും യുവതി പറഞ്ഞു. താൻ ചെയ്തത് മറ്റ് സ്ത്രീകൾക്ക് പ്രചോദനം ആകാൻ വേണ്ടിയാണെന്നും ഇനിയുമിത്തരം സംഭവങ്ങൾക്കെതിരെ പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു. ഇയാൾക്കെതിരെ പൊലീസ് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.