കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തിയ കാർ, വീണു കിടന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി കയറ്റിയിറക്കി. ഞായറാഴ്ച വൈകിട്ട് 5.45നാണ് ദാരുണമായ സംഭവം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റു.
കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. അപകടശേഷം ഇയാൾ ഒളിവില്‍ പോയിരിക്കുകയാണ്. കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങിയതായാണ് നാട്ടുകാർ പറയുന്നത്. കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാൾ അമിതവേഗത്തിൽ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.