കാലത്തിനു മുമ്പേ നടന്ന ഗുരുക്കന്മാരോടും അനുഭവങ്ങളെ ആയുധമാക്കി അനീതിയ്ക്കും അനാചാരത്തിനുമെതിരെ
പടപൊരുതി സമൂഹത്തിനു മാതൃകയായ പ്രതിഭകളോടും ഒപ്പംചേർന്നിരിക്കാനും അറിയാനും പങ്കുവയ്ക്കാനുമുള്ള അവസരം കൂടിയാക്കി ഓണം നാളുകളെ മാറ്റുക എന്ന ലക്ഷ്യവുമായി സംസ്കാര സാഹിതിയുടെ ഓണം അന്നും ഇന്നും പരിപാടി തിരുവോണനാളിൽ മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന്റെ വസതിയിൽ നടന്നു.
ഉണ്ണാനും ഉടുക്കാനുമില്ലാത്ത കാലഘട്ടങ്ങളിലും ജീവിതയാഥാർത്ഥ്യങ്ങളുടെ കയ്പ്നീരനുഭവിച്ചവർ ജാതിമത വർണ്ണ വർഗ്ഗ ലിംഗ ഭേദമന്യേ തലമുറകളോളം ചേർത്ത് പിടിച്ച് സമ്പന്നമാക്കിയ സംസ്കാരത്തിൻ്റെ തെളിവാർന്ന ഓർമ്മകൾ കൂടിയാണ് ഒരുമയുടെ ഓണമെന്ന് പ്രമുഖ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ അഭിപ്രായപ്പെട്ടു. കൂട്ടുകുടുംബങ്ങളിൽനിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം ഒത്തുചേരലുകളുടെ അവസരങ്ങളെ ചുരുക്കുകയാണെന്നും വീടും നാടുമൊത്തുചേരുന്ന ഓണം നാളുകളിൽ ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവും അനുഭവങ്ങളും പങ്കുവയ്ക്കാനും അവ
പുതിയ തലമുറയ്ക്ക് കൂടുതൽ അനുഭവേദ്യമാക്കാനും സംസ്കാരസാഹിതിയുടെ ഓണം അന്നും ഇന്നും പരിപാടി പ്രയോജനപ്പെടുമെന്ന് പ്രത്യാശിക്കുന്നതായി പെരുമ്പടവം പറഞ്ഞു.
ഓണം ഗൃഹാതുരസ്മരണ യുണർത്തുന്നതാണ്. ബാല്യം മുതലുള്ള പഴമയുടെ ഓർമ്മകൾ വീണ്ടും ജീവൻ വയ്ക്കുന്നത് ഓണക്കാലത്താണ്. എനിക്ക് ഇനിയുമെഴുതാനുണ്ട്. എഴുത്താണ് എൻ്റെ ജീവിതവും ജീവിതമാർഗ്ഗവും.
പുതിയ പുസ്തകമിറങ്ങിയിട്ട് ഇത്തിരി നാളായി.നേരിയ ആരോഗ്യപ്രശ്നങ്ങ ളുണ്ടെങ്കിലും എഴുത്ത് തുടരുകയാണെന്നും പുതിയ പുസ്തകം വൈകാതെ പുറത്തിറങ്ങുമെന്നും വ്യവസ്ഥിതികളുടെ ദുഷിപ്പിനെതിരെ തൂലിക പടവാളാക്കിയ
പെരുമ്പടവം കൂട്ടിച്ചേർത്തു.
സംസ്കാരസാഹിതി എല്ലാവർഷവും നടത്തിവരുന്ന ഓണക്കോടി പരിപാടി ഇത്തവണ പൂരാടം നാളിൽ സൂര്യ കൃഷ്ണമൂർത്തിക്ക് നല്കിയതിലുള്ള സന്തോഷവും പെരുമ്പടവം പങ്കുവച്ചു. പെരുമ്പടവത്തിന്റെ വസതിയിൽനടന്ന ചടങ്ങിൽ സംസ്കാരസാഹിതി മുൻ സംസ്ഥാന ചെയർമാനും ഡിസിസി പ്രസിഡന്റുമായ പാലോട് രവി പെരുമ്പടവത്തിന് പൊന്നാടയും ഉപ്പേരിയും ഓണ സമ്മാനങ്ങളും നൽകി ആദരിച്ചു. ചെമ്പഴന്തി അനിൽ, സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ. പ്രതാപൻ, വിചാർ വിഭാഗ് ചെയർമാൻ വിനോദ് സെൻ, ജലിൻ ജയരാജ് തുടങ്ങി പെരുമ്പടവത്തിൻ്റെ കുടും:ബാംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
CONTENT HIGHLIGHTS;Onam Then and Now: Cultural Literature with Perumpadavam