ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ ബീഫ് പാകം ചെയ്തതിന് വിദ്യാർഥികൾക്കെതിരെ നടപടി. ഒഡിഷയിലെ ബെർഹാംപൂരിലുള്ള പരാല മഹാരാജ എൻജിനീയറിങ് കോളജിലാണ് ഏഴ് വിദ്യാർഥികളെ ഹോസ്റ്റലിൽനിന്നു പുറത്താക്കിയത്. നിരോധിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ആരോപിച്ചാണു നടപടി. കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർഥികൾ ഹോസ്റ്റലിൽ ബീഫ് പാകം ചെയ്തത്. ഇത് ഒരു വിഭാഗം വിദ്യാർഥികൾ പ്രിൻസിപ്പലിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി ബജ്‌റങ്ദൾ, വിഎച്ച്പി പ്രവർത്തകരം രംഗത്തെത്തി. ഇതിനിടെയാണ് വിദ്യാർഥികളെ ഹോസ്റ്റലിൽനിന്നു പുറത്താക്കി കോളജ് അധികൃതർ ഉത്തരവിറക്കിയത്. ഒരു വിദ്യാർഥിക്ക് 2,000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനു വിദ്യാർഥിൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു. വിദ്യാർഥികളുടെ പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് ഹോസ്റ്റലിൽനിന്നു പുറത്താക്കാൻ തീരുമാനിച്ചത്. നടപടിയെ കുറിച്ച് ഇവരുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
സംഭവത്തിൽ വിഎച്ച്പി ഗോപാൽപൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ ബീഫ് കഴിക്കുകയും മറ്റുള്ളവർക്കു വിളമ്പുകയും ചെയ്‌തെന്നാണു പരാതിയിൽ പറയുന്നത്. സംഘർഷ സാധ്യത മുന്നിൽകണ്ട് കോളജിനു പുറത്തും ഹോസ്റ്റലിന്റെ പരിസരത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.