Kerala

ഓണക്കാലത്ത് റെക്കോര്‍ഡിട്ട് മില്‍മ; ആറു ദിവസം കൊണ്ട് വിറ്റഴിച്ചത് 1.33 കോടി ലിറ്റര്‍ പാല്‍

ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി കേരളത്തിന്റെ സ്വന്തം മില്‍മ. ആറു ദിവസം കൊണ്ട് മില്‍മ വിറ്റഴിച്ചത് 1.33 കോടി ലിറ്റര്‍ പാലാണ്. ഉത്രാട ദിനത്തില്‍ മാത്രം 3,700,365 ലിറ്റര്‍ പാല്‍ സംസ്ഥാനത്ത് വിറ്റഴിച്ചു. ഓഗസ്റ്റ് 25 മുതല്‍ 28 വരെ 1,00,56,889 ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 94,56,621 ലിറ്റര്‍ പാലാണ് വിറ്റത്. പാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും മില്‍മ സര്‍വകാല റെക്കോര്‍ഡ് നേടി. തൈരിന്റെ വില്‍പ്പനയില്‍ 16 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 11,25,437 കിലോ തൈരായിരുന്നു വിറ്റഴിച്ചത്. നെയ്യ് വില്‍പ്പനയിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. മില്‍മയുടെ യൂണിയനുകളും ചേര്‍ന്ന് 743 ടണ്‍ നെയ്യാണ് വിറ്റത്.

40 ശതമാനത്തിലധികം ബുക്കിങ് ഉയര്‍ന്നതിനാല്‍ പായസത്തിനായിട്ട് ഇത്തവണ നല്ലരീതിയില്‍ പാല്‍ ഉപയോഗിച്ചിട്ടുണ്ട്. ഓണ വിപണി മുന്നില്‍ കണ്ട് 1.25 കോടി ലിറ്റര്‍ പാലാണ് അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ മില്‍മ ലഭ്യമാക്കിയത്. അത്തം മുതല്‍ തിരുവോണം വരെ 10 ദിവസങ്ങളിലെ പാലിന്റെ ആവശ്യം മുന്നില്‍ കണ്ടാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷം 1.10 കോടി ലിറ്റര്‍ പാലാണ് ഉത്രാടം മുതലുള്ള നാല് ദിവസങ്ങളില്‍ കേരളത്തില്‍ ചെലവഴിച്ചത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഫെഡറേഷന്‍ വഴിയാണ് മില്‍മ പാല്‍ സംഭരിക്കുക. ഉത്രാട ദിനമായ ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ വില്‍പന പ്രതീക്ഷിക്കുന്നത്. അന്ന് 25 ലക്ഷം ലിറ്ററിന്റെ ആവശ്യമാണ് കണക്കാക്കിയത്. എന്നാല്‍ 3700,365 ലിറ്റര്‍ പാല്‍ ഉപയോഗിച്ചത്. മറ്റ് ബ്രാന്‍ഡുകളും കൂടിയാകുമ്പോള്‍ ഇത് 50 ലക്ഷം ലിറ്ററിനു മുകളിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. സാധാരണ ദിവസം 12 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ ഉത്പാദിപ്പിക്കുന്നത്. നാഷണല്‍ ഡെയറി ഡിവലപ്‌മെന്റ് ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പാല്‍ ഉത്പാദനത്തില്‍ ആദ്യ 15ലാണ് കേരളത്തിന്റെ സ്ഥാനം. അതിനാല്‍, ഉത്സവ സീസണുകളില്‍ ആവശ്യത്തിന് പാലിനായി മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.