ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു. മറ്റന്നാൾ നടക്കുന്ന വോട്ടെടുപ്പിൽ 24 മണ്ഡലങ്ങൾ ജനവിധി രേഖപ്പെടുത്തും. ഒരു മാസത്തിലധികം നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണമാണ് ഇന്ന് അവസാനിച്ചത്.
ജമ്മു കാശ്മീരിൽ അനുഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ജമ്മുകശ്മീരിലെ 90 അംഗ നിയമസഭയിലേക്ക് വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്.
മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള മെഗാ റാലികളാണ് കലാശക്കൊട്ടിൽ രാഷ്ട്രീയ പാർട്ടികൾ നടത്തിയത്. വീടുകൾ കയറിയുള്ള പ്രചാരണവും സ്ഥാനാർഥികൾ നടത്തി. നാളെ നിശബ്ദ പ്രചാരണമാണ്. പിന്നാലെ, അടുത്ത ഘട്ടത്തെ ബിജെപി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ശ്രീനഗറിലെത്തും.
PDP നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍ത്തിജ മുഫ്തി,സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കോൺഗ്രസ് മുൻ കശ്മീർ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ എന്നിവയാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർഥികൾ.
ജമ്മു കാശ്മീരിനെ ഭീകരവാദത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടാനാണ് കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും ശ്രമമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. അനിച്ഛേദം 370 ചരിത്രമായെന്നും, ആരു വിചാരിച്ചാലും അത് മടക്കി കൊണ്ടുവരാൻ ആകില്ലെന്നും പ്രചാരണത്തിന് എത്തിയ അമിത് ഷാ വ്യക്തമാക്കി.
അതേസമയം, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിക്കെതിരെ അവസാന ദിവസവും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ല രംഗത്തെത്തി. ജമ്മു കശ്മീരിന് നാശം മാത്രമാണ് മെഹബൂബ മുഫ്തി വരുത്തിയതെന്ന് ഒമർ അബ്ദുല്ല പറഞ്ഞു.
ഈ മാസം 25, അടുത്ത മാസം ഒന്ന് തിയതികളിലാണ് രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.