അയർലന്റിലെ ‘ഏറ്റവും ഭയപ്പെടുത്തുന്ന കെട്ടിടം’ എന്ന ഖ്യാതിയുള്ള ലോഫ്‌റ്റസ് ഹാളിന്റെ വിശേഷങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത് . മെക്സ്‌ഫോഡിൽ പ്രസിദ്ധമായ ഹുക്ക് പെനിൻസുലയ്‌ക്കടുത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ലോഫ്‌റ്റസ് ഹാൾ സ്ഥിതി ചെയ്യുന്നത്. കടലിനഭിമുഖമായി ഒറ്റപ്പെട്ട് നിൽക്കുന്ന ചാരനിറത്തിലുള്ള ഈ മനോഹര സൗധം പ്രേതസൗധമാണെന്നാണ് അറിയപ്പെടുന്നത് തന്നെ . ആത്മാക്കൾ അലഞ്ഞുതിരിയുന്ന വീട് എന്നാണ് ഈ കെട്ടിടത്തെ വിശേഷിപ്പിക്കുന്നത്. കടലിനോട് ചേർന്നുള്ള ഈ ബംഗ്ലാവിൽ 22 കിടപ്പുമുറികളുണ്ട്. 25 ഏക്കര്‍ സ്ഥലത്ത് 27,000 ചതുരശ്ര അടി വലുപ്പത്തിലാണ് വീടുള്ളത്. ഏകദേശം 21.65 കോടിരൂപയ്ക്കാണ് ഇത് കഴിഞ്ഞ കൊല്ലം വിൽപ്പനയ്ക്ക് വച്ചിരുന്നത് .ബംഗ്ലാവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകൾ പ്രേത സിനിമകള വെല്ലുന്നതാണ്.
ആയിരത്തോളം വർഷങ്ങളുടെ പാരമ്പര്യമുള്ള ലോഫ്‌റ്റസ് ഹാൾ, ഒരുകാലത്ത് കെൽട്ടിക് സംസ്കാരത്തിന്റെയും ഡ്രൂഡുകളുടെയും പരിശുദ്ധ ഭവനമായി കണക്കാക്കപ്പെട്ടിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ റെഡ്‌മണ്ട് കുടുംബം ഏറ്റെടുത്തതിന് ശേഷം റെഡ്‌മണ്ട് ഹാൾ എന്നറിയപ്പെട്ടിരുന്ന കെട്ടിടം നിരവധി തവണ ക്രോംവെലിയൻ ആക്രമണങ്ങൾ നേരിട്ടിരുന്നു. പിന്നീട് ഉടമ്പടികളോടെ കെട്ടിടം റെഡ്‌മണ്ട് കുടുംബത്തിന് തിരിച്ചുനൽകിയെങ്കിലും അവസാനത്തെ അവകാശിയായിരുന്ന അലക്സാണ്ടർ റെഡ്‌മണ്ടിന്റെ മരണശേഷം കെട്ടിടം ലേലം ചെയ്തു. ബംഗ്ലാവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു പ്രേതകഥ ഇങ്ങനെയാണ്- ഇംഗ്ളണ്ടിലെ യോക്ക്‌ഷയറിലെ ഹെൻട്രി ലോഫ്‌റ്റസ് എന്ന പ്രഭു 1666-ൽ ലേലത്തിൽ വാങ്ങിക്കുകയും ലോഫ്‌റ്റസ് ഹാൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. 1700കളിൽ ലോർഡ് ടോട്ടഹാം കുടുംബം ആയിരുന്നു ഇവിടെ കഴിഞ്ഞിരുന്നത്.
നൂറ്റാണ്ടുകൾക്ക് കനത്ത മഴയും കടൽക്ഷോഭവുമുള്ള രാത്രി, ഒരു യുവാവ് സഹായം ചോദിച്ച് ഈ ബംഗ്ലാവിന്റെ വാതിലിൽ മുട്ടി. ഹുക്ക് പെനിന്‍സുലയില്‍ തന്റെ കപ്പല്‍ പാറക്കെട്ടുകളില്‍ തട്ടിനില്‍ക്കുകയാണെന്നും തനിക്ക് അഭയം തരണമെന്നും ഈ യുവാവ് കുടുംബത്തോട് അപേക്ഷിച്ചു. അങ്ങനെ കുടുംബം ഈ യുവാവിന് അഭയം നൽകി. ദിവസങ്ങൾക്കുള്ളിൽ യുവാവ് ആ കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചു. എന്നാൽ ഈ യുവാവ് സാധാരണ മനുഷ്യനായിരുന്നില്ലെന്നും ഇയാളുടെ പാദങ്ങൾ മൃഗത്തിന്റെ കുളമ്പുകൾ പോലെയായിരുന്നു. ഇത് കുടുംബത്തിലെ സ്ത്രീ കണ്ടെത്തിയതോടെ യുവാവ് വലിയ അഗ്‌നിഗോളമായി കെട്ടിടത്തിന്റെ മുകള്‍ത്തട്ട് തുളച്ച് അപ്രതീക്ഷമായി എന്നാണ് കഥകൾ.അതിനു ശേഷം ടോട്ടഹാം കുടുംബത്തിലെ മൂത്ത മകളായ ആനിന് ഭ്രാന്തു പിടിച്ചെന്നും ആണ് പറയപ്പെടുന്നത്.
ഇവിടുത്തെ ഒരു ഇരുട്ടറയിൽ പിന്നീടു വർഷങ്ങളോളം ആൻ തടങ്കലിലായിരുന്നു. അവരുടെ മരണശേഷം പലരും ഈ വീടിന്റെ പലയിടങ്ങളിലും ആനിന്റെ ആത്മാവിനെ കണ്ടിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ശേഷം ഒരു വൈദികൻ വന്നു ഇവിടെ പ്രേതബാധ ഒഴിപ്പിച്ചെന്നും പറയപ്പെടുന്നു.1870കളിൽ വീട് പുതുക്കിപണിത ശേഷവും ഇവിടെ പഴയ നെഗറ്റീവ് എനർജി അനുഭവപ്പെടുന്നുണ്ട് എന്നാണ് അനുഭവസ്ഥരുടെ വെളിപ്പെടുത്തൽ. ബീച്ചിനോട് ചേർന്നുള്ള ഈ ബംഗ്ലാവ് മികച്ച ടൂറിസം സാധ്യതകളാണ് തുറന്നിടുന്നത്.പ്രതിവർഷം 2,94,000 മില്യൻ ഡോളർ വരുമാനമാണ് ഈ ബംഗ്ളാവിൽ നിന്ന് ലഭിക്കുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
STORY HIGHLLIGHTS : irelands-most-scary-building-the-story-of-loftus-hall