മലപ്പുറം: നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. സെപ്റ്റംബര്‍ നാലു മുതല്‍ എട്ടുവരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.
നിലമ്പൂർ പോലീസ് സ്റ്റേഷൻ, വണ്ടൂർ നിംസ്, പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളജ്, ഫാസിൽ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളിൽ യുവാവ് എത്തിയിട്ടുണ്ട്. ഇതിനു പുറമെ പാരമ്പര്യ വൈദ്യൻ ബാബുവുമായും സമ്പർക്കം ഉണ്ടായിട്ടുണ്ട്.
പനി ബാധിച്ച് ഇയാളിൽ നിന്നും യുവാവ് ചികിത്സ തേടിയിരുന്നു. മലപ്പുറം നിപ കണ്ട്രോള് സെല്ലാണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്. ഈ യുവാവ് ഇവിടെ വന്നപ്പോൾ ഉണ്ടായിരുന്ന എല്ലാവരും നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഇതോടെ മലപ്പുറം ജില്ലയിൽ ജാഗ്രത ശക്തമാക്കി. മാസ്ക് നിർബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തിൽ മലപ്പുറത്ത് കൺട്രോൾ റൂമടക്കം തുറന്നിട്ടുണ്ട്.
0483 273 2010, 0483 273 2060 എന്നീ നമ്പരുകളിൽ വിളിച്ചാൽ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍. കണ്ടെയ്ന്മെന്റ് സോണുകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് നിര്‍ദേശം. മലപ്പുറത്ത് മാസ്ക് നിര്‍ബന്ധമാക്കി. വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1987ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2005ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.