ഇംഫാൽ: മണിപ്പൂരിൽ വിദ്യാർഥി പ്രക്ഷോഭത്തിനു പിന്നാലെ നിരോധിച്ച ഇന്‍റർനെറ്റ് സേവനങ്ങൾ ആറ് ദിവസത്തിനു ശേഷം പുനഃസ്ഥാപിച്ചു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപൂർ, കാക്ചിങ് എന്നീ ജില്ലകളിലായിരുന്നു ഇന്‍റർനെറ്റ് നിരോധിച്ചത്. മൊബൈൽ ഡേറ്റപാക്ക്, ബ്രോഡ്ബാൻഡ് സർവീസുകൾ ഉൾപ്പെടെയുള്ള ഇന്‍റർനെറ്റ് സേവനം ഈ മാസം പത്തിനായിരുന്നു റദ്ദാക്കിയത്.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും. ക്രമസമാധാന നില തകരാറിലായതിനാൽ സംസ്ഥാന പൊലീസ് മേധാവിയും സുരക്ഷ ഉപദേശകനും രാജിവെക്കണമെന്നാവശ്യപ്പെട്ട് വനിതകളും വിദ്യാർഥികളും ഇംഫാലിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പിന്നാലെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
ക്രമസമാധാനം പുനഃസ്ഥാപിക്കാൻ 2000 സി.ആർ.പി.എഫ് ജവാന്മാരെ കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മണിപ്പൂരിലേക്കയച്ചു. 58ാം ബറ്റാലിയൻ തെലങ്കാനയിലെ വാറങ്കലിൽനിന്നും 112ാം ബറ്റാലിയൻ ഝാർഖണ്ഡിൽനിന്നും മണിപ്പൂരിലേക്ക് യാത്ര തിരിച്ചു. ചുരാചന്ദ്പൂരിലും ഇംഫാലിലുമാണ് ഇൗ സംഘം ക്യാമ്പ് ചെയ്തത്.