കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതികൾ റിമാൻഡിൽ. 14 ദിവസത്തേക്കാണ് അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും റിമാൻഡ് ചെയ്തത്. മനപൂര്‍വ്വമായ നരഹത്യക്കാണ് കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പ്രതികളെ തിരുവനന്തപുരം അട്ടക്കുള്ളങ്ങര ജയിലേക്ക് കൊണ്ടുപോയി. പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്ന് റിമാൻഡ് റിപ്പോർട്ട്.
ഡോക്ടർ ശ്രീക്കുട്ടി വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ അജ്മലിന് നിർദേശം നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശക്തമായി നിലനിൽക്കുന്നതാണെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷണം നടത്തി. പ്രതികൾ ചെയ്തത് ഗുരുതര സ്വഭാവത്തിലുള്ള കുറ്റമെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. തുടർന്ന് പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു.
കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യലഹരിയിലായിരുന്നു. അമിത വേഗതയിലായിരുന്നു യാത്ര. ഇതിനിടെയാണ് സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന കുഞ്ഞിമോളെയും ഫൗസിയയെയും ഇന്നലെ വൈകിട്ട് ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ ബോണറ്റിൽ തട്ടിത്തെറിച്ച് കാറിനടിയിലേക്ക് കുഞ്ഞുമോൾ വീണു. കാറ് മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണ് പറഞ്ഞിട്ടും കേട്ടില്ല. അപകടസ്ഥലത്തുനിന്ന് കാര്‍ ഓടിച്ചുപോകാന്‍ നിര്‍ബന്ധിച്ചത് ഡോക്ടറായ ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.
കേസിൽ ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര അജ്മൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.
അപകടമുണ്ടാകുന്നതിന് മുമ്പ് ഒരു സുഹൃത്തിന്‍റെ വീട്ടില്‍നിന്നും മദ്യപിച്ചാണ് അജ്മലും ഡോക്ടര്‍ ശ്രീക്കുട്ടിയും വന്നത്. കാറില്‍ മറ്റൊരു സുഹൃത്തും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും അപകടത്തിന് മുമ്പ് ഇറങ്ങിയിരുന്നു. മദ്യലഹരിയില്‍ പോകുന്ന വഴിയിലെല്ലാം അപകടകരമായ രീതിയിലാണ് അജ്മല്‍ കാര്‍ ഓടിച്ചത്. പലരെയും ഇടിച്ച് തെറിപ്പിച്ചു. ഒരു യുവാവിന് ഗുരുതര പരിക്കുണ്ട്.