World

‘ജോലിക്കിടയിൽ കിട്ടുന്ന ഇടവേളകളിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടൂ’; ജനസംഖ്യ വർധിപ്പിക്കാൻ നിർദേശവുമായി പുടിൻ

മോസ്‌കോ: റഷ്യയിലെ ജനസംഖ്യ ആശങ്കാജനകാംവിധം കുറയുന്ന സാഹചര്യത്തില്‍ നേരിടാൻ നിർദേശവുമായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ജോലിക്കിടെ ഉച്ചഭക്ഷണത്തിനും ചായയ്ക്കും ഉള്‍പ്പെടെയുള്ള ഇടവേളകളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പുടിന്‍ നിര്‍ദേശിച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു. നിലവിൽ റഷ്യയിൽ ഒരു സ്ത്രീക്ക് 1.5 കുട്ടികളാണ് ശരാശരി ഉണ്ടാകുന്നത്. ഇത് 2.1 ലേക്ക് ഉയ‍ർത്തുകയാണ് ലക്ഷ്യം.

യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം രാജ്യത്ത് ജനസംഖ്യ താഴേക്ക് പോയിരുന്നു. യുവാക്കളിൽ 10 ലക്ഷത്തോളം പേർ രാജ്യം വിട്ടത് ഇതിന് ആക്കം കൂട്ടി. ഇതോടെയാണ് റഷ്യൻ സ‍ർക്കാർ യുവാക്കളോട് കുട്ടികളെ കുറിച്ച് ബോധവത്കരിക്കുന്നത്.

ജോലി കുട്ടികളെ ഉണ്ടാക്കുന്നതിൽ ഒരു തടസമായി മാറരുതെന്നാണ് റഷ്യയിലെ ആരോഗ്യ മന്ത്രി ഡോ. യെവനി ഷെസ്തോപലോവ് പറഞ്ഞത്. ഉച്ചഭക്ഷണത്തിൻ്റെയും ചായ കുടിക്കാനും എടുക്കുന്ന ഇടവേളകളിൽ വരെ ലൈംഗിക ബന്ധത്തിൽ ഏ‍ർപ്പെടണമെന്നാണ് മന്ത്രി നിർദ്ദേശിക്കുന്നത്. മെട്രോ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘റഷ്യന്‍ ജനങ്ങളുടെ സംരക്ഷണമാണ് ദേശീയതലത്തില്‍ നമ്മുടെ ഏറ്റവും വലിയ മുന്‍ഗണന’ എന്ന് പ്രസിഡന്റ് പുടിന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. റഷ്യയുടെ വിധി, നമ്മളില്‍ എത്ര പേര്‍ ശേഷിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും ഇത് ദേശീയ പ്രാധാന്യമുള്ള വിഷയമാണ് എന്നും അദ്ദേഹം പറഞ്ഞു.

1999-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനന നിരക്കാണ് ഇപ്പോള്‍ റഷ്യയിലുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ മാസം റഷ്യയില്‍ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഒരുലക്ഷത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ജനന നിരക്കിലെ ഈ കുത്തനെയുള്ള ഇടിവാണ് സര്‍ക്കാരിനെ നടപടികളിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലേതിനേക്കാള്‍ 16,000 കുറവാണ് ഈ വര്‍ഷം ഇതേ കാലയളവിലെ ജനനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.

ജനന നിരക്കിലെ കുറവിന് പുറമെ റഷ്യയില്‍ മരണങ്ങളുടെ എണ്ണം കൂടിയതും ജനസംഖ്യാ ഇടിവിന് കാരണമാകുന്നുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 49,000 മരണങ്ങളാണ് ഈ വര്‍ഷം റഷ്യയില്‍ കൂടിയത്.

രാജ്യത്ത് ജനസംഖ്യാ വളർച്ചാ നിരക്ക് ഉയ‍ർത്താനുള്ള തീവ്ര പരിശ്രമത്തിലാണ് റഷ്യ. 18 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ ഫെർടിലിറ്റി പരിശോധനയടക്കം രാജ്യത്ത് നടത്തുന്നുണ്ട്. ചെല്യാബിങ്ക് പ്രവിശ്യയിൽ 24 വയസിൽ താഴെയുള്ള യുവതികൾക്ക് 1.02 ലക്ഷം റൂബിൾ (9.40 ലക്ഷം രൂപ) ആദ്യ പ്രസവത്തിന് നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.