അയൽ രാജ്യങ്ങളാൽ കോട്ട കെട്ടപ്പെട്ടു കിടക്കുന്ന രാജ്യമാണ് ലാവോസ്. പ്രകൃതിയോടു ചേർന്നുള്ള യാത്രാനുഭവമാണ് സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നത്. ലാവോസ്, ദക്ഷിണ കിഴക്കൻ ഏഷ്യയിലെ ലാൻഡ് ലോക്ക്ഡ് രാജ്യം. വടക്കു പടിഞ്ഞാറ് മ്യാൻമാറും ചൈനയും അതിരിടുന്നു. കിഴക്ക് വിയറ്റ്നാം, തെക്കു പടിഞ്ഞാറ് കംപോഡിയ. പടിഞ്ഞാറും ദക്ഷിണ പടിഞ്ഞാറുമായി തായ്‌ലൻഡ് – ലാവോസിനു ചുറ്റും ഇങ്ങനെ പ്രകൃതി കോട്ടകെട്ടുന്നു. കമ്യൂണിസ്റ്റ് ഭരണകൂടമാണ് ഇവിടെ. അയൽ രാജ്യങ്ങൾക്ക് വൈദ്യുതി ഉൽപാദിപ്പിച്ച് നൽകിയും ടൂറിസ്റ്റുകളെ സ്വാഗതം ചെയ്തും അതിവേഗം വളരുന്ന സാമ്പത്തിക രംഗമാണ് ലാവോസിന്റേത്.
ലോകത്തിലെ ഏറ്റവും വലിയ ഗുഹാ നദി ലാവോസിലാണ്. ഒരു യാത്രികനെ അവിടേക്ക് ആ കർഷിക്കാൻ ഈയൊരു കാരണം മാത്രം മതിയല്ലോ. വെള്ളാരങ്കല്ലുകൾ നിറഞ്ഞ നദിയിലൂടെ കയാക്കിങ് നടത്തി സെ ബാങ് ഫായ് നദിയിലേക്ക് പോകുന്ന സാഹസികരാണ് ലാവോസിലെ സഞ്ചാരികൾ. ഗുഹ എന്നു കേൾക്കുമ്പോൾ മനസ്സിലുണ്ടാകുന്ന ഇരുട്ടു നിറഞ്ഞ ചിന്തകളെക്കാൾ വലുപ്പമേറിയ കാഴ്ചയാണ് സെൻട്രൽ ലാവോസിലെ ഗുഹ. വിദേശ യാത്രികർക്കായി ഒരുക്കിയിട്ടുള്ള കയാക്കിങ് ബോട്ടുകൾ നേരത്തെ ബുക്ക് ചെയ്യാം. ഗുഹ കാണാനെത്തുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് 24 മണിക്കൂറും തുറന്നിരിക്കുന്ന ഹോട്ടലുകൾ ഇവിടെയുണ്ട്.
നകായ് നാം തെയുൻ ദേശീയ സംരക്ഷണ കേന്ദ്രമാണ് ലാവോസിന്റെ വനഭൂമി. നദികളും വന്യജീവികളും നിബിഡമായ കാടിനെ സാഹസിക സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നു. ആനയും കുരങ്ങും മലമുഴക്കിയുമൊക്കെ വനമേഖലയിൽ വഴിയോരക്കാഴ്ചയാണ്.കാടിന്റെ ഭംഗി നേരിട്ടു കാണാൻ ആഗ്രഹിക്കുന്നവർക്ക് ദ് ലൂപ് എന്ന പേരിലുള്ള റോഡിലൂടെ ബൈക്ക് സവാരി നടത്താം. കാടിന്റെ പടിഞ്ഞാറു ഭാഗത്താണ് ഇരുചക്രങ്ങൾക്കു കടന്നുപോകാനായി പാത ഒരുക്കിയിട്ടുള്ളത്. തലാങ്ങിലെ ഫോസി ഗസ്റ്റ് ഹൗസിലെത്തുന്നവർ രണ്ടു ദിവസത്തെ ക്യാംപിങ് യാത്രകൾ സംഘടിപ്പിക്കാറുണ്ട്. നം നോട്ട് നദിയിലൂടെ ബോട്ട് സവാരി, മീൻ പിടുത്തം, ക്യാംപ് ഫയർ, നദീ തീരത്ത് അന്തിയുറക്കം… ഇങ്ങനെ പ്രകൃതിയുമായി ചേർന്നുള്ള ഒഴിവുകാലമാണ് ലാവോസ് വാഗ്ദാനം ചെയ്യുന്നത്.
STORY HIGHLLIGHTS : world-escapes-south-east-asia-laos-vietnam