കോട്ടയം: അന്തർ സംസ്ഥാന ബസിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 67 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ഒരേ ബസിൽ ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.
ഈരാറ്റുപേട്ടയിൽ നിന്നും 44 ലക്ഷവും, പൊൻകുന്നത്തുനിന്ന് 23 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് ബംഗളൂരുവിൽ നിന്നും എരുമേലിക്ക് സർവീസ് നടത്തുന്ന ബസിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്.
ബസിനുള്ളിൽ സൂക്ഷിച്ചിരുന്ന 44 ലക്ഷത്തോളം രൂപയാണ് ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളി എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇതേ ബസിൽ തന്നെ പൊൻകുന്നം ഭാഗത്ത് നടത്തിയ പരിശോധനയിൽ 23 ലക്ഷത്തോളം രൂപ പിടിച്ചെടുത്തത്.