സംസ്ഥാനത്തെ റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വാതിൽപ്പടി വിതരണക്കാർ സമരത്തിലേക്ക്. മൂന്നു മാസമായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ തുക നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഓണക്കാലത്ത് ഭക്ഷ്യവകുപ്പും ധനവകുപ്പും കബളിപ്പിക്കുകയാണെന്നും വിതരണക്കാർ ആരോപിച്ചു.
95 കോടിയോളം രൂപയാണ് വാതിൽപ്പടി വിതരണക്കാർക്ക് നൽകാനുള്ളത്. ജൂൺ മുതലുള്ള തുക നൽകിയിട്ടില്ല. അതിനുമുമ്പുള്ള മാസങ്ങളിൽ ലഭിക്കാനുള്ള തുകയും പൂർണമായി ലഭിച്ചിട്ടില്ലെന്ന് വിതരണക്കാർ പറയുന്നു. ഓണക്കാലത്ത് പൊതുവിതരണ രംഗം തകരരുതെന്ന് വിചാരിച്ചാണ് തുക കുടിശ്ശികയായിട്ടും സാധനങ്ങൾ എത്തിച്ചു നൽകിയത്. പണം നൽകാമെന്ന് പറഞ്ഞ് സർക്കാർ പറ്റിക്കുകയാണ് ചെയ്തതെന്ന് വാതിൽപ്പടി വിതരണക്കാർ ആരോപിച്ചു.
വാതിൽപ്പടി വിതരണക്കാർക്ക് പണം അനുവദിച്ചു എന്ന് പറയുന്നതല്ലാതെ ഒരു രൂപ പോലും ആർക്കും ലഭിക്കാത്ത സ്ഥിതിയാണെന്ന് ഇവർ പറയുന്നു. ധനവകുപ്പിന്റെ വാശിയാണ് ഭക്ഷ്യവകുപ്പിനെ തകർക്കുന്നതെന്ന് വിതരണക്കാർ കുറ്റപ്പെടുത്തി. ഓണക്കാലത്ത് വാതിൽപ്പടി വിതരണക്കാരോട് സർക്കാർ കാണിച്ചത് കൊടിയ വഞ്ചനയാണെന്നും നൽകാനുള്ള തുക പൂർണമായി ലഭിക്കാതെ വിതരണം നടത്തില്ലെന്നും വിതരണക്കാർ പറഞ്ഞു. മുഴുവൻ തുകയും ലഭിക്കുന്നത് വരെ അനിശ്ചിതകാല സമരം ചെയ്യാനാണ് തീരുമാനം.