ഖത്തറിന്റെ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിൽ കാര്യമായ പുരോഗതി രേഖപ്പെടുത്തി. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഇൻഡക്‌സിൽ 11 സ്ഥാനങ്ങൾ മുന്നേറി 79ാം സ്ഥാനത്തെത്തി. സാമ്പത്തിക മേഖല വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് വലിയ പ്രോത്സാഹനമാണ് ഖത്തർ നൽകുന്നത്. ഈ വർഷത്തെ ഇൻഡെക്‌സിൽ മിഡിലീസ്റ്റിൽ ഏഴാം സ്ഥാനവും ഖത്തറിനുണ്ട്.
വെബ്സമ്മിറ്റ് പോലുള്ള പ്രധാന ആഗോള പരിപാടികളുടെ സംഘാടനം സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ലളിതമാക്കിയ രജിസ്ട്രേഷൻ നടപടികൾ, സർക്കാർ-പ്രൊഫഷണൽ ഫീസുകളിലെ ഇളവ്, നികുതി ഇളവുകൾ, പുതിയ സ്റ്റാർട്ടപ്പ് ഇനങ്ങളുടെ കൂട്ടിച്ചേർക്കലുകൾ എന്നിവയിലൂടെ ഖത്തറിലെ സ്റ്റാർട്ടപ്പുകളുടെ വിപണിയിലേക്കുള്ള പ്രവേശന തടസ്സങ്ങൾ കുറക്കാനായെന്ന് ഈ മേഖലയിലുള്ളവർ വിലയിരുത്തുന്നുണ്ട്.
അതേസമയം, ഖത്തർ ഡെവലപ്മെന്റ് ബാങ്കുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്ററിന്റെ ദേശീയ റിപ്പോർട്ട് പ്രകാരം മിന മേഖലയിൽ ദേശീയ സംരംഭകത്വ സൂചികയിൽ ഖത്തർ മൂന്നാം സ്ഥാനത്തും ആഗോളാടിസ്ഥാനത്തിൽ ലോക ശരാശരിയെയും മറികടന്ന് അഞ്ചാം സ്ഥാനത്തുമാണ്.