India

വന്ദേഭാരത് എക്‌സ്പ്രസിന് പച്ചക്കൊടി കാണിക്കാന്‍ തിക്കും തിരക്കും; എംഎല്‍എ മറിഞ്ഞ് ട്രാക്കിലേക്ക് വീണു

ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ പുതിയ വന്ദേഭാരത് എക്‌സ്പ്രസിന് പച്ചക്കൊടി കാണിക്കുന്നതിനിടയില്‍ സ്ഥലം എംഎല്‍എയായ സരിതാ ബഹ്ദൗരിയ റെയില്‍വേ ട്രാക്കിലേക്ക് വീണു. തിങ്കളാഴ്ച ആഗ്ര-വാരാണസി വന്ദേ ഭാരത് എക്‌സ്പ്രസിന് പച്ചക്കൊടി കാട്ടാന്‍ മത്സരിക്കുന്നതിനിടെയാണ് ബിജെപിയുടെ എംഎല്‍എ സരിതാ ട്രാക്കില്‍ വീണത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വൈകുന്നേരം 6 മണിയോടെ ട്രെയിന്‍ എത്തിയപ്പോള്‍ തിരക്കേറിയ പ്ലാറ്റ്‌ഫോമിന് നടുവിലായിരുന്നു സംഭവം. 61 കാരിയും രണ്ടാം തവണ ബിജെപി നിയമസഭാംഗവുമായ സരിതയ്‌ക്കൊപ്പം പ്ലാറ്റ്‌ഫോമില്‍ പച്ചക്കൊടിയും പിടിച്ചുകൊണ്ട് ഒരു കൂട്ടം ആളുകളും അവിടെ നില്‍ക്കുന്നത് കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ട്രെയിനിന്റെ വെര്‍ച്വല്‍ ഉദ്ഘാടനത്തിന് ശേഷം, 20175 എന്ന നമ്പറിലുള്ള ട്രെയിന്‍ ആഗ്രയില്‍ നിന്ന് റെയില്‍വേ മന്ത്രി രവ്‌നീത് സിംഗ് ബിട്ടു ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു.

ബിജെപിയുടെ ഇറ്റാവ യൂണിറ്റ് ട്രഷറര്‍ സഞ്ജീവ് ബദൗരിയ പറഞ്ഞതനുസരിച്ച് എംഎല്‍എ ട്രാക്കില്‍ നിന്ന് പ്രവര്‍ത്തകരുടെ സഹായത്തോടെ തിരികെ കയറി. തുടര്‍ന്ന് ഫ്‌ലാഗ് ഓഫ് പരിപാടിക്കായി അവര്‍ പ്ലാറ്റ്‌ഫോമില്‍ കുറച്ച് സമയം കാത്തിരുന്നു. പിന്നീട് അവര്‍ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചു, ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുന്നു. അവര്‍ക്ക് ശാരീരികമായി പരിക്കുകളൊന്നും ഉണ്ടായില്ല. ആന്തരിക മുറിവുകളുണ്ടെങ്കില്‍, അത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും സഞ്ജീവ് ബദൗരിയ പറഞ്ഞു.

ഇറ്റാവ സ്‌റ്റേഷനില്‍ എത്തുന്നതിന് മുമ്പ് ട്രെയിന്‍ തുണ്ട്‌ലയില്‍ നിര്‍ത്തി. സമാജ്‌വാദി പാര്‍ട്ടി എംപി ജിതേന്ദ്ര ദൗവാരെ, മുന്‍ ബിജെപി എംപി രാം ശങ്കര്‍, നിലവിലെ എംഎല്‍എ സരിതാ ബദൗരിയ എന്നിവരുള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ ഫ്‌ലാഗ്ഓഫില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയതോടെ വേദിയില്‍ ബഹളമുണ്ടായതായാണ് വീഡിയോയില്‍ കാണിക്കുന്നത്. ട്രെയിനിന്റെ ഹോണ്‍ പുറപ്പെടുന്നതിന്റെ സൂചന നല്‍കിയതോടെ, അവിടെ സന്നിഹിതരായിരുന്നവര്‍ തടിച്ചുകൂടിയതോടെ പ്ലാറ്റ്‌ഫോമില്‍ തിക്കും തിരക്കുമായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എംഎല്‍എ പ്ലാറ്റ്‌ഫോമില്‍ നിന്ന് താഴെ ട്രെയിനിനു മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു.

പുതിയ വന്ദേഭാരത് എക്‌സപ്രസ് ഏഴ് മണിക്കൂറിനുള്ളില്‍ ആഗ്രയില്‍ നിന്നും വാരണാസിയില്‍ എത്തിച്ചേരും. മടക്ക ട്രെയിന്‍ വാരാണസിയില്‍ നിന്ന് ആഗ്രയിലേക്ക് 20176 എന്ന നമ്പറായി പ്രവര്‍ത്തിക്കും, ആഗ്ര-വാരാണസി സര്‍വീസ് നമ്പര്‍ 20175 ആയിരിക്കുമെന്നും റെയില്‍വേ പത്രക്കുറിപ്പില്‍ പറഞ്ഞു. വന്ദേഭാരത് സര്‍വീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ആഗ്ര ഡിവിഷനില്‍ നിന്നുള്ള പിആര്‍ഒ പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു.