റേഷൻ കട വാതിൽപ്പടി വിതരണക്കാർക്കുള്ള കുടിശ്ശിക നാളെ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സർക്കാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാൽ ഭക്ഷ്യ-പൊതുവിതരണം പോലുള്ള മേഖലകളിൽ അത് ബാധിക്കാതെ നോക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. വാതിൽപ്പടി വിതരണക്കാർക്ക് സമരത്തിലേക്ക് പോകേണ്ടിവരില്ല. 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്തെ സേവനം പരിഗണിച്ച് റേഷൻ വ്യാപാരികൾക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 1000 രൂപ ഉത്സവബത്ത നൽകിയിരുന്നു. എന്നാൽ കിറ്റ് വിതരണത്തിന് കമ്മീഷൻ ആവശ്യപ്പെട്ട് വ്യാപാരികൾ കോടതിയിൽ പോവുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. അത് സേവനമായി പരിഗണിക്കണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്. കോടതി വിധി മാനിച്ച് കിറ്റ് വിതരണത്തിന്റെ കമ്മീഷൻ നൽകിയതിനാൽ മറ്റു ആനുകൂല്യങ്ങൾ അനുവദിക്കാൻ സാങ്കേതി പ്രശ്‌നമുണ്ടെന്നും മന്ത്രി പറഞ്ഞു.