പുരുഷ, വനിതാ ട്വന്റി 20 ലോകകപ്പ് ജേതാക്കള്‍ക്ക് തുല്യമായ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. അടുത്ത മാസം തുടങ്ങുന്ന വനിതാ ലോകകപ്പ് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 2.34 ലക്ഷം ഡോളറാണ് [20 കോടി ഇന്ത്യന്‍ രൂപ] കിരീടം നേടുന്ന ടീമിനു സമ്മാനമായി ലഭിക്കുക. 2023ലെ എഡിഷനെ അപേക്ഷിച്ച് രണ്ടിരട്ടിയോളം വര്‍ധനവാണ് ഐസിസി സമ്മാനത്തുകയില്‍ വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് ഐസിസി സമ്മാനത്തുക തുല്യമാക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്. ലോകകപ്പുകളില്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക നല്‍കുന്ന ഏക കായിക ഇനമാണ് ക്രിക്കറ്റ്. റണ്ണര്‍ അപ്പ്, സെമി ഫൈനലിസ്റ്റുകള്‍ എന്നിവര്‍ക്കും പ്രതിഫലത്തില്‍ ആനുപാതികമായ നേട്ടമുണ്ടാകും.
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളെക്കാളും 134 ശതമാനം അധിക വരുമാനമാണ് ഇത്തവണ വനിതാ ലോകകപ്പിലെ പുതിയ ചാംപ്യന്‍മാര്‍ക്ക് ലഭിക്കുക. ഒക്ടോബര്‍ മൂന്നിനാണ് ഈ വര്‍ഷത്തെ വനിതാ ട്വന്റി 20 ലോകകപ്പിനു തുടക്കമാകുന്നത്. ഷാര്‍ജ സ്റ്റേഡിയത്തില്‍ സ്‌കോട്‌ലന്‍ഡും ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം.