ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന അധികാരമേല്‍ക്കുന്നോടെ ആം ആദ്മി പാര്‍ട്ടിയെ തളര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന കാടന്‍ നടപടികള്‍ എതിര്‍ക്കാന്‍ മികച്ചൊരു ഭരണ കര്‍ത്താവ് തന്നെ രംഗത്ത് എത്തുകയാണ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേനയുമായുള്ള അഭിപ്രായ ഭിന്നതകള്‍ എഎപിക്ക് എന്നും തലവേദനയാണ്. അതിഷിയ്ക്ക് താക്കോല്‍ സ്ഥാനം നല്‍കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകുന്ന തലവേദനകള്‍ക്ക് മറുമരുന്നായിട്ടാണ് അതിഷിയുടെ സ്ഥാനാരോഹണം കൊണ്ട എഎപി ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എഎപി സര്‍ക്കാരിന്റെ പ്രധാന മുഖമായാണ് അതിഷി അറിയപ്പെടുന്നത്. ധനകാര്യം, വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പ് എന്നിവയുള്‍പ്പെടെ ഒന്നിലധികം വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. അതിനാല്‍ ഭരണ രംഗത്ത് യാതൊരു സങ്കോചവും കൂടാതെ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല അതിഷിക്ക് ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നാണ് എഎപി കരുതുന്നത്. ഇന്ന് ചേര്‍ന്ന ആം ആദ്മി പാര്‍ട്ടിയുടെ നിയമസഭാംഗങ്ങളുടെ യോഗത്തിലാണ് ദേശീയ കണ്‍വീനര്‍ക്കൂടിയായ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചത്. മറ്റു പാര്‍ട്ടി എംഎല്‍എമാര്‍ കെജ്രിവാളിന്റെ നിര്‍ദേശം ഐകകണ്‌ഠ്യേന പാസാക്കുകയായിരുന്നു. വിദ്യാഭ്യാസ- രാഷ്ട്രീയ- പരിസ്ഥിതി രംഗത്ത് തിളങ്ങിയ അതിഷിക്ക് മുഖ്യമന്ത്രി പദം ഒരിക്കലും ഒരു ഊരാക്കുരുക്കാവില്ലെന്നാണ് എഎപിയുടെ കണക്ക്ക്കൂട്ടല്‍.
അതിഷി മര്‍ലേനയെക്കുറിച്ചുള്ള 5 കാര്യങ്ങള്‍
വിദ്യാഭ്യാസ പരിഷ്‌കരണ ശില്‍പി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കാര്യമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത് അതിഷിയായിരുന്നു . ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുമ്പോള്‍ സ്‌കൂള്‍ സൗകര്യങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിലും അധ്യാപന നിലവാരം ഉയര്‍ത്തുന്നതിലും ‘എന്റര്‍പ്രണര്‍ഷിപ്പ് മൈന്‍ഡ്‌സെറ്റ് കരിക്കുലം’, ‘ഹാപ്പിനസ് കരിക്കുലം’ തുടങ്ങിയ നിരവധി സംരംഭങ്ങള്‍ ആരംഭിക്കുന്നതിലും അവര്‍ പ്രധാന പങ്കുവഹിച്ചു.
രാഷ്ട്രീയ ജീവിതം: ഡല്‍ഹി നിയമസഭയില്‍ കല്‍ക്കാജി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന മുഖമാണ.് ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ ഉപദേഷ്ടാവ് എന്ന നിലയിലാണ് അവര്‍ ആദ്യം പ്രശസ്തയായത്, 2020 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അവര്‍ എംഎല്‍എ ആയി.
ഓക്‌സ്‌ഫോര്‍ഡ് പൂര്‍വവിദ്യാര്‍ത്ഥി: അതിഷി തന്റെ ബിരുദ പഠനം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പൂര്‍ത്തിയാക്കി, അതിനുമുമ്പ്, വിദ്യാഭ്യാസത്തിലെ ബിരുദാനന്തര ബിരുദത്തിനായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ചേരുന്നതിന് ചെവനിംഗ് സ്‌കോളര്‍ഷിപ്പ് ഉപയോഗിച്ചു. സ്‌കൂള്‍ പരിഷ്‌കരണത്തിലെ പ്രവര്‍ത്തനത്തെ അതിഷിയുടെ അക്കാദമിക് പശ്ചാത്തലം വളരെയധികം സ്വാധീനിച്ചു.
ഡല്‍ഹി കാബിനറ്റ് മന്ത്രി: നിയമപ്രശ്‌നങ്ങളെത്തുടര്‍ന്ന് മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും മന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്ന്, 2023 മാര്‍ച്ചില്‍ അതിഷി ഡല്‍ഹി കാബിനറ്റില്‍ നിയമിതയായി, വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി), വൈദ്യുതി, ടൂറിസം മന്ത്രാലയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.
പാരിസ്ഥിതിക വക്താവ്: വിദ്യാഭ്യാസരംഗത്തെ അതിഷിയുടെ പ്രവര്‍ത്തനത്തിനുപുറമെ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന സജീവ പ്രവര്‍ത്തകയാണ്. ഡല്‍ഹിയില്‍ പുനരുപയോഗ ഊര്‍ജം, മലിനീകരണ നിയന്ത്രണം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍ അതിഷി സജീവമായി പ്രോത്സാഹിപ്പിച്ചു.
Content Highlights: Atishi Marlena will take charge as the Chief Minister of Delhi