എം ആര്‍ രാധ എന്ന നടനെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. എം.ജി.ആറിനെ വെടിവെച്ച നടന്‍ എന്ന നിലയിലാണ് അദ്ദേഹത്ത കൂടുതല്‍ പേരും അറിയുന്നത്. സിനിമയില്‍ ഉയരങ്ങളില്‍ നില്‍ക്കുമ്പോളാണ് എം ജി ആറിനെ അടുത്ത സുഹൃത്തും തമിഴിലെ പ്രമുഖതാരവുമായ എം ആര്‍ രാധ വെടിവയ്ക്കുന്നത്. 1967 ജനുവരി 12-നായിരുന്നു സംഭവം. എം.ജി.ആറിനെ വെടിവെച്ചതില്‍ പിന്നെ, വ്യക്തമായി സംസാരിക്കാനുള്ള കഴിവ് എം.ജി.ആറിനു നഷ്ടപ്പെട്ടു. കൂടാതെ എം. ആര്‍. രാധ, ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
മദ്രാസ് രാജഗോപാലന്‍ രാധാകൃഷ്ണ നായിഡു എന്നാണ് എം ആര്‍ രാധയുടെ മുഴുവന്‍ പേര്. 1907 ഏപ്രില്‍ 14 ന് തമിഴ്നാട്ടിലെ ചെന്നൈയിലെ ചിന്താദ്രിപേട്ടിലാണ് അദ്ദേഹം ജനിച്ചത്. ‘രത കണ്ണീര്‍’ എന്ന സ്റ്റേജ് നാടകത്തിന്റെ വിജയത്തോടെയാണ് രാധ ഏറ്റവുമധികം ജനപ്രീതി നേടിയത്. കലാരംഗത്ത് ഉന്നതമായ സ്ഥാനത്ത് നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹം ആറിനെ വെടിവെച്ചത്. എം ജി ആര്‍ വെടിവെയ്പ്പും തുടര്‍ന്നുള്ള തടവുശിക്ഷയും അദ്ദേഹത്തെ നാടക-സിനിമാ കലാരംഗത്തെ മുഖ്യധാരയില്‍ നിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കി. തുടര്‍ന്ന് 1979 സെപ്റ്റംബര്‍ 17ന് എം. ആര്‍. രാധ മരണപ്പെട്ടു.
ഇന്ന് എം ആര്‍ രാധയുടെ 42-ാം ചരമ വാര്‍ഷികമാണ്. എം ആര്‍ രാധ എന്ന നടനെക്കുറിച്ച് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഗോപാല്‍ കൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
എം. ആർ. രാധ, തമിഴ് നടൻ
••••••••••••••••••••••••••••
ഇന്ന് ചരമദിനം
എം.ജി.ആറിനെ വെടിവെച്ച നടൻ എന്ന നിലയിലാണ് ‘എം. ആർ. രാധ’യുടെ (കു) പ്രസിദ്ധി. എം.ജി.ആറി നോടൊപ്പം 25-സിനിമകളിൽ അഭിനയിച്ച തമിഴ് സിനിമാനടനായ എം.ആർ. രാധ, 1967 ജനുവരി 12-ന് എം.ജി.ആറിനെ വെടിവെച്ചതിൽ പിന്നെ, വ്യക്തമായി സംസാരിക്കാനുള്ള കഴിവ് എം.ജി.ആറിനു നഷ്ടപ്പെട്ടു. എം. ആർ. രാധ, ജയിൽ ശിക്ഷയും അനുഭവിച്ചു….
സിനിമയില്‍ ഏറ്റവും ഉയരങ്ങളില്‍ വിരാജിക്കുമ്പോഴാണ് എം ജി ആറിനെ അടുത്ത സുഹൃത്തും തമിഴിലെ പ്രമുഖതാരവുമായ എം ആര്‍ രാധ വെടിവയ്ക്കുന്നത്. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു എന്ന് മാത്രമല്ല അടുത്ത സുഹൃത്തുക്കളും ആയിരുന്നു. അവര്‍ ഒരുമിച്ചാണ് ചെന്നൈയില്‍ പി ഒ ആര്‍ ആര്‍ & സണ്‍സില്‍ നിന്ന് റിവോള്‍വര്‍ വാങ്ങിയതും. എം ജി ആര്‍ തന്‍റെ റിവോള്‍വറിന് എല്ലാ കൊല്ലവും ലൈസന്‍സ് പുതുക്കിപ്പോന്നു. എന്നാല്‍ രാധ അത് ശ്രദ്ധിച്ചതേയില്ല.
67-ല്‍ കാമരാജ് ഭരണത്തിന്‍റെ അന്തിമ നാളുകളില്‍ ഡി എം കെ യുടെ ഉന്നതനായ നേതാവായി കഴിയുമ്പോഴാണ് എം ജി ആറിനെ എം ആര്‍ രാധ സന്ദര്‍ശിക്കുന്നത്. ഒരു പെട്ടിയുമായാണ് അദ്ദേഹം നന്ദംപാക്കത്തുള്ള എം ജി ആറിന്‍റെ വസതിയില്‍ എത്തിയത്. പുതിയ പടത്തിന്‍റെ കോണ്ട്രാക്റ്റ് ചര്‍ച്ച ചെയ്യാന്‍ തന്‍റെ മുന്‍ നിര്‍മ്മാതാവുമായി എത്തിയതായിരുന്നു രാധ. ഇതിനു തൊട്ടു മുന്‍പ് രാധ രാഷ്ട്രീയമായി എം ജി ആറിനെ വിമര്‍ശിച്ചു കൊണ്ട് ചില യോഗങ്ങളില്‍ പ്രസംഗിച്ചിരുന്നു.
പൊതുവേ ഒട്ടും വിമര്‍ശനം സഹിക്കാന്‍ തയ്യാറുള്ള ആളല്ല എം. ജി. ആര്‍.; ചര്‍ച്ചക്കിടെ രാധ എഴുനേറ്റു നിന്നു. ഇരിക്കാന്‍ എം ജി ആർ ആവശ്യപ്പെട്ടെങ്കിലും രാധ അത് ചെയ്തില്ല. പൊടുന്നനെ രാധ തോക്കെടുത്ത് വെടി വക്കുന്നു! എം ജി ആറിന്‍റെ കഴുത്തില്‍ വെടിയുണ്ട പതിച്ചു. ചെവിയില്‍ നിന്ന് രക്തം ഒഴുകി. എന്നാൽ വെടിയേറ്റ എം ജി ആർ അക്ഷോഭ്യനായി വാതില്‍ക്കലേക്ക് നീങ്ങി, തന്നെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടുകയാണ് ചെയ്തത്.
ഇതിനിടെ വീണ്ടും വെടിയൊച്ച കേട്ടു. രാധ സ്വന്തം ജീവനെടുക്കാന്‍ ശ്രമിച്ചതായിരുന്നു. രാധയും എം ജി ആറിനോടൊപ്പം ആശുപത്രിയിലായി. എം ജി ആറിന്‍റെ നട്ടെല്ലിന്‍റെ അടുത്ത് വെടിയുണ്ട കുടുങ്ങിയതിനാല്‍ അത് പുറത്തെടുത്തില്ല ഡോക്ടര്‍മാര്‍; അതു കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടായില്ല. പക്ഷേ, കഴുത്തിൽ വെടിവയറ്റതിനാൽ, അദ്ദേഹത്തിന് സംസാരശേഷി ഭാഗികമായി നഷ്ടമായി.
മദ്രാസ് രാജഗോപാലൻ രാധാകൃഷ്ണ നായിഡു എന്നാണ് എം ആർ രാധയുടെ മുഴുവൻ പേര്. 1907 ഏപ്രിൽ 14 ന് തമിഴ്നാട്ടിലെ ചെന്നൈയിലെ (അക്കാലത്ത് മദ്രാസ്) ഒരു പ്രദേശമായ ചിന്താദ്രിപേട്ടിലാണ് ജനിച്ചത്.
അമ്മയുമായുള്ള വഴക്കിനെ തുടർന്ന്രാധ ചെറുപ്പത്തിൽ തന്നെ വീട് വിട്ടിറങ്ങി. (ഒരു കഷണം മീൻ അധികമായി കഴിക്കാൻ കിട്ടാതെ വന്നതിന്റെ പേരിലായിരുവത്രേ ഈ ഗംഭീര ശണ്ഠ! )
അലഞ്ഞ് തിരിഞ്ഞ് പത്താം വയസ്സിൽ നാടക സംഘത്തിൽ എത്തിപ്പെട്ട രാധ, പടിപടിയായി വളർന്ന്, 5000-ലധികം സ്റ്റേജ് ഷോകളിൽ അഭിനയിച്ചു. ജനപ്രിയ നാടകകലാകാരൻ ആയിരുന്നു, എം ആർ രാധ. 10-ാം വയസ്സിൽ തുടങ്ങി, ആദ്യം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം ഒടുവിൽ നാടകങ്ങൾക്കുള്ള കഥകൾ പോലും തന്റെ ഇംഗിതത്തിനനുസരിച്ച് രൂപെടുത്തുന്ന, നാടക വേദിയിലെ ഒരു സൂപ്പർ സ്റ്റാർ തലത്തിലേക്ക് വളർന്നുവെത്രേ!
തമിഴ് നാടകങ്ങളിലും സിനിമകളിലും സജീവമായിരുന്ന ഒരു അഭിനേതാവ് ആരിക്കുമ്പോൾ തന്നെ, തമിഴ് നാട്ടിലെ രീതിയനുസരിച്ച് രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. പെരിയാർ ഇ. വി. രാമസാമി അദ്ദേഹത്തിന് “നടിഗവേൽ” എന്ന പേരു നൽകി ആദരിച്ചിരുന്നു.
‘രത കണ്ണീർ’ എന്ന സ്റ്റേജ് നാടകത്തിന്റെ വിജയത്തോടെയാണ് രാധ ഏറ്റവുമധികം ജനപ്രീതി നേടിയത്. ആ നാടകത്തിന്റെ 1954-ൽ ഇറങ്ങിയ ചലച്ചിത്ര പതിപ്പിലെ (കൃഷ്ണൻ-പഞ്ചു ആണ് ആ സിനിമ സംവിധാനം ചെയ്ത് ) അദ്ദേഹത്തിന്റെ പ്രകടനം അദ്ദേഹത്തിന്റെ കഴിവുകൾക്ക് വ്യാപകമായ അംഗീകാരം നൽകുകയും തമിഴ്നാട്ടിൽ അദ്ദേഹത്തെ ഒരു സൂപ്പർസ്റ്റാർ ആക്കി മാറ്റുകയും ചെയ്തു.
വില്ലൻ വേഷങ്ങളും ഹാസ്യ വേഷങ്ങളും രാധ അവതരിപ്പിച്ചു. 1960-കളിൽ, അദ്ദേഹത്തിന് വേണ്ടി പ്രത്യേകമായി വേഷങ്ങൾ എഴുതപ്പെട്ടുവെത്രേ! എംജിആർ, ശിവാജി ഗണേശൻ തുടങ്ങിയ നടന്മാരെപ്പോലും എം ആർ രാധ പലപ്പോഴും മറികടന്നുവെത്രേ.
എന്നാൽ എം ആർ രാധയുടേത് എന്ന് പറയപ്പെടുന്ന, പല ദൗർബ്ബല്യങ്ങളെക്കുറിച്ചും സാഡിസ്റ്റ് മനോഭാവത്തെക്കുറിച്ചും എല്ലാം സിനിമാ- രാഷ്ട്രീയ ഉപശാലകളിൽ നിരവധി അടക്കം പറച്ചിലുകൾ ഉണ്ടായിരുന്നു….
സരസ്വതി, ധനലക്ഷ്മി, പ്രേമാവതി, ജയമ്മാൾ, ഗീത എന്നിവർ ഭാര്യമാരായി രാധക്ക് ഉണ്ടായിരുന്നു!
എം ജി ആർ വെടിവെയ്പ്പും തുടർന്നുള്ള തടവുശിക്ഷയും അദ്ദേഹത്തെ നാടക-സിനിമാ കലാരംഗത്തെ മുഖ്യധാരയിൽ നിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കി….
ജയിൽ വിമോചിതനായി വന്ന ശേഷം അദ്ദേഹത്തിന് കലാലോകത്ത് നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടിയില്ല. 1979 സെപ്റ്റംബർ 17-ന്, 72-ാം വയസ്സിൽ, തിരിച്ചിറപ്പള്ളിയിൽ വച്ച് എം. ആർ. രാധ അന്തരിച്ചു.
••••••••••••••••••••••••••••
|> എം ആർ രാധയുടെ മക്കൾ:
ആദ്യഭാര്യയിലെ മക്കൾ M. R. R വാസു (മകൻ നടൻ വാസു വിക്രം), രാധാ രവി;
മറ്റൊരു ഭാര്യയിലെ മക്കൾ നടിമാരായ രാധികയും നിരോഷയും
|> രാധിക: എം. ആർ. രാധയുടെ മകൾ രാധിക (രാധിക ശരത്കുമാർ) പ്രസിദ്ധിയുള്ള നടിയാണ്. തമിഴ് ചലച്ചിത്രങ്ങളാണ് കൂടുതൽ എങ്കിലും നിരവധി മലയാളം, തെലുഗ് ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. തമിഴ് ടെലിവിഷൻ സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭാരതി രാജെയുടെ ‘കിഴക്കേ പോലും റെയിൽ’ എന്ന സിനിമയിലാണ് ഞാൻ ആദ്യമായി ഇവരെ കാണുന്നത്. മലയാള നടൻ പ്രതാപ് പോത്തൻ ആണ് രാധികയുടെ ആദ്യ ഭർത്താവ്.
|> രാധാ രവി: പലപ്പോഴും വിവാദ നായകനായ തമിഴ് നടൻ രാധാ രവി, എം. ആർ. രാധയുടെ മകനാണ്. നടി നയൻതാരയെ രണ്ടുമൂന്നു വർഷം മുമ്പ് പൊതുവേദിയില്‍ അപമാനിച്ച് പുലിവാലു പിടിച്ചു ഈ രാധാ രവി. നയൻതാരയെ ലേഡി സൂപ്പർസ്റ്റാൻ എന്ന് വിശേഷിപ്പിക്കുന്നതിന് എതിരെ സംസാരിച്ച രാധാ രവി താരത്തിന്റെ വ്യക്തി ജീവിതമടക്കം പ്രതിപാദിച്ചാണ് പ്രസംഗിച്ചത്. നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന ‘കൊലയുതിര്‍ കാലം’ എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്താതിരുന്ന നയന്‍താരയ്ക്കെതിരേയായിരുന്നു രാധാ രവിയുടെ അടുത്ത ആക്രമണം.
|> മുൻകാല നടി നിരോഷയും എം. ആർ. രാധയുടെ മകളാണ്. നിരോഷയും ഒരു കാലത്ത് പ്രമുഖ ചലച്ചിത്ര-ടെലിവിഷൻ നടിയാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അവർ അറിയപ്പെടുന്ന നടിയായിരുന്നു. ഗീതയാണ് മാതാവ്.