ഹുലുന്‍ബുയര്‍: ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം.
ഗോൾ രഹിതമായ മൂന്ന് ക്വാർട്ടറുകൾക്ക് പിന്നാലെ നാലാം ക്വാർട്ടറിലാണ് ഇന്ത്യ വിജയഗോൾ നേടിയത്. ആദ്യമായി ഫൈനൽ യോഗ്യത നേടിയ ചൈന ശക്തമായി പൊരുതിയ ശേഷമാണ് കീഴടങ്ങിയത്. കൗണ്ടർ അറ്റാക്കിലൂടെ ആദ്യ ക്വാർട്ടറിൽ ചൈന കളം നിറഞ്ഞു. എന്നാൽ രണ്ടാം ക്വാർട്ടറിൽ ഇന്ത്യ ആധിപത്യം പുലർത്തിയെങ്കിലും ഗോൾനേടാനായില്ല.
ആദ്യ പകുതിയിൽ നാല് പെനാൽറ്റി കോർണറുകളാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നാൽ ചൈനീസ് പ്രതിരോധത്തിൽ തട്ടി വിഫലമായി. എന്നാൽ നിർണായകമായ നാലാം ക്വാർട്ടറിൽ ഇന്ത്യ ഗോൾ കണ്ടെത്തി.
51-ാം മിനിറ്റിൽ ജുഗ്രാജ് സിംഗാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ചൈന ഉയർത്തിയ കടുത്ത പ്രതിരോധം മറികടന്ന് നാലാം ക്വാർട്ടറിലാണ് ഇന്ത്യ മുന്നിലെത്തിയത്. തുടർന്ന് വിശ്വരൂപം പുറത്തെടുത്ത ചൈനീസ് താരങ്ങൾ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.
അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. മൂന്ന് കിരീടങ്ങളുള്ള പാകിസ്താനാണ് രണ്ടാം സ്ഥാനത്തുള്ളത്. ലൂസേഴ്സ് ഫൈനലിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി പാകിസ്താൻ മൂന്നാം സ്ഥാനം സ്വന്തമാക്കി.