തിരുവനന്തപുരം: നെയ്യാറ്റിൻകര ആനാവൂരിൽ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ തൊഴിലാളിയെ ഒരു മണിക്കൂറിലധികം നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തൊടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നെയ്യാറ്റിന്‍കര ആനാവൂരില്‍ പറമ്പിലെ മണ്ണിടിഞ്ഞ് തൊഴിലാളിയുടെ മുകളിലേക്ക് വീണത്. നെയ്യാറ്റിന്‍കര ആലത്തൂര്‍ സ്വദേശി ശൈലനാണ് മണ്ണിനടിയില്‍ പെട്ടത്. ഉടന്‍ തന്നെ ശൈലനെ രക്ഷിക്കാനുള്ള ശ്രമവും ആരംഭിച്ചു.
ജോലിക്കായി പ്രദേശത്ത് ഹിറ്റാച്ചി എത്തിച്ചിരുന്നു. ഹിറ്റാച്ചി കൊണ്ട് ജോലി പുരോഗമിക്കുന്നതിനിടയിൽ മണ്ണ് മാറ്റിയ കുഴിയിൽ അകപ്പെടുകയായിരുന്നു ഷൈലൻ. ഹിറ്റാച്ചി ഡ്രൈവർ അപകടം കണ്ട് ആളുകളെ വിളിച്ചു കൂട്ടുകയും പിന്നെ രക്ഷിക്കാനുള്ള ശ്രമമായി. ഫയർഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി. ആദ്യ ഘട്ടത്തിൽ ശരീരത്തിലെ മണ്ണ് നീക്കം ചെയ്‌തെങ്കിലും ഷൈലൻ്റെ കാലിൻ്റെ ഭാഗം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.45 മിനിറ്റ് നീണ്ട നിന്ന പ്രയത്നത്തിനൊടുവിൽ അരയോളം മണ്ണിൽ പുതഞ്ഞ ഷൈലനെ രക്ഷപ്പെടുത്തി. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ശൈലനെ മണ്ണില്‍ നിന്ന് പുറത്തെടുത്തത്. സ്ട്രച്ചറില്‍ പുറത്തെത്തിച്ചശേഷം വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. ഷൈലന്റെ വാരിയെല്ലിന് പൊട്ടലും കൈകാലുകളിൽ മുറിവുകളും ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ടുമുണ്ട്. ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.