മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ പുതിയ സമ്പർക്ക പട്ടിക പുറത്ത്. 80 പേര്‍ പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതോടെ ആകെ സമ്പർക്കപട്ടികയിലുള്ളവരുടെ എണ്ണം 255 ആയി. ഇതിൽ 77 പേർ ആരോഗ്യപ്രവർത്തകരാണ്. 171 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 84 പേർ സെക്കന്ററി കോൺടാക്ട് പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. 128 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്.
രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് എം പോക്സ് സംശയിക്കുന്ന വ്യക്തിയുടെ കൂടെ സഞ്ചരിച്ച ആളുകളുടെ വിവരങ്ങൾ എടുത്തിട്ടുണ്ടെന്നും രോഗം സ്ഥിരീകരിച്ചാൽ ഇവർക്കും ജാഗ്രത നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.
സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിട്ടുണ്ട്. ഇതോടെ ആകെ 16 ഫലങ്ങളാണ് നെഗറ്റീവായത്. രോഗവ്യാപനത്തിന് സാധ്യത കുറവാണ്. എങ്കിലും രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. രോഗലക്ഷണമുള്ള മുഴുവൻ ആളുകളുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും. നിപ ബാധിച്ച് മരിച്ച യുവാവ് ബംഗളൂരുവിലാണ് പഠിച്ചത്. കർണാടക സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയേക്കും. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ട്യൂഷൻ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസിന് നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവാവിന്റെ റൂട്ട് മാപ്പും ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്നു.