ഡെങ്കിപ്പനി, എലിപ്പനി, കോളറ, ഹെപ്പറ്റൈറ്റിസ്- എ, നിപ്പ, എച്ച് വൺ എൻ വൺ, വയറിളക്കരോഗങ്ങൾ, പകർച്ചപ്പനി, മലേറിയ ഇങ്ങനെ കേരളം ഓരോ ഘട്ടത്തിലും അഭിമുഖീകരിക്കേണ്ടിവരുന്ന രോഗങ്ങളുടെ നിര വളരെ നീണ്ടതാണ്. കേരളത്തിന്റെ ആരോഗ്യ സ്ഥിതിയെയും സാമ്പത്തിക സ്ഥിതിയെയും ഒക്കെ ഗൗരവമായി ബാധിക്കുന്ന ദീർഘകാല പ്രതിസന്ധിയാണ് ഈ രോഗാവസ്ഥകൾ.
പൊതുജനാരോഗ്യത്തിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം ലഭിക്കേണ്ടതുണ്ട്. പകർച്ചവ്യാധികൾ ഒരു സമൂഹത്തെ ഒന്നടങ്കം ആണ് ബാധിക്കുന്നത് അതുകൊണ്ട് സമൂഹം ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ മാത്രമേ അതിനെ തടയാനും കഴിയുകയുള്ളൂ.
പകർച്ചവ്യാധികളെക്കുറിച്ചും അതിന്റെ വ്യാപന രീതി, പ്രതിരോധം, ചികിത്സ തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും ശാസ്ത്രീയമായ അറിവ് തന്നെ സമൂഹത്തിന് നൽകാൻ കഴിയണം. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചരണങ്ങൾ നടത്തുവാനും വിചിത്രമായ കാര്യങ്ങൾ വിശ്വസിക്കുവാനും വളരെ വേഗം ഷെയർ ചെയ്യാനും സാധിക്കുന്നു എന്ന സ്ഥിതി നിലവിലുണ്ട്. അതിൽ പ്രധാനമായിട്ടുള്ളത് ആരോഗ്യം വളരെ ഗൗരവമുള്ള വിഷയമാണ് എന്ന കാര്യം മനസിലാക്കുക എന്നതാണ്.
ആരോഗ്യകരമായ ശീലങ്ങളിലേക്ക് മാറണം
പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നതിൽ ജനങ്ങളുടെ ശീലം വളരെ പ്രധാനമാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, പരിസര ശുചീകരണം പാലിക്കുക തുടങ്ങിയവയാണ് ആരോഗ്യകരമായ ശീലങ്ങളിൽ പ്രധാനം . ശുചിത്വം ഒരു സംസ്കാരമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ നാം ഏറെ പിന്നോക്കം പോയിരിക്കുന്നു. ആഡംബര പൂര്‍ണ്ണമായ ജീവിത ശൈലികളും പല രോഗങ്ങള്‍ക്കും ഇടയാക്കുന്നു എന്നത് ഗൗരവമായി കാണേണ്ട കാര്യമാണ്. കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നിരന്തരമായി നടത്തണം, മാലിന്യ സംസ്കരണം ഫലപ്രദമായിരിക്കണം ഭക്ഷ്യസുരക്ഷാ നടപടികൾ കർശനമായി പാലിക്കണം. പകർച്ചവ്യാധികളെ തടയാൻ നിരന്തര നിരീക്ഷണം ആവശ്യമാണ്.
രോഗങ്ങൾക്ക് അനുകൂലമാണ് കാര്യങ്ങൾ
അന്യദേശങ്ങളിൽ നിന്ന് അതിർത്തികൾ താണ്ടി പുതിയ പകർച്ചവ്യാധികൾ കേരളത്തിൽ എത്തുന്നു എന്നാൽ ഇവിടെ ഉണ്ടായിരുന്ന പകർച്ചവ്യാധികൾ ഒന്നും തന്നെ വിട്ടു പോകുന്നുമില്ല. കേരളത്തിലെ അനുകൂലമായ എപ്പിഡമിയോളജിക്കൽ ട്രയാഡാണ് (Epidademiyological Triad) ഇതിന് കാരണം. ജീവിതശൈലി രോഗങ്ങൾ മൂലം പ്രതിരോധശേഷി കുറഞ്ഞ ഒരു സമൂഹത്തെ രോഗാണുക്കൾക്ക് പെട്ടെന്ന് കീഴ്പ്പെടുത്താം. കൂടാതെ മാലിന്യം കുന്നു കൂടിയ ചുറ്റുപാടുകൾ പകർച്ചവ്യാധികൾക്ക് അനുകൂല പരിസ്ഥിതിയും ഒരുക്കുന്നു. മനുഷ്യരും രോഗാണുക്കളും പരിസ്ഥിതിയും തമ്മിൽ ഒരു ബാലൻസ് എപ്പോഴും ആവശ്യമാണ് ഇതാണ് എപ്പിഡമിയോളജിക്കൽ ട്രയാഡ്. കാലാവസ്ഥാ മാറ്റം, ഉഷ്ണമേഖല, ജനസാന്ദ്രത, ധാരാളം യാത്രകൾ എന്നിവയെല്ലാം കൂടുതലുള്ളതുകൊണ്ട് കേരളത്തിൽ പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്.
STORY HIGHLIGHT: epidemic