വിനോദസഞ്ചാരികളായാലും ഫൊട്ടോഗ്രഫർമാരായാലും ജപ്പാനിലെത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലമുണ്ട് മിയോടോ ഇവ. ഫുടാമിക്കടുത്ത് കടലിൽ സ്ഥിതി ചെയ്യുന്ന രണ്ടു വലിയ ശിലകളാണ് തോബ–മിയോടോ ഇവ എന്ന ദമ്പതിശിലകൾ. രണ്ടു പാറക്കെട്ടുകളിലും വച്ച് വലിയ പാറക്കെട്ടിനെ ഭർത്താവായും ചെറിയതിനെ ഭാര്യയായിട്ടുമാണ് കണക്കാക്കുന്നത്. ഇവയെ തമ്മിൽ പരസ്പരം ഒരു ഷിമേനവ കയറുകൊണ്ട് ബന്ധിപ്പിച്ചിട്ടുമുണ്ട്. (ജപ്പാനിൽ ഷിന്റോ മതവുമായി ബന്ധപ്പെട്ട് ആചാരപരമായ പ്രാധാന്യത്തോടെ കച്ചിപിരിച്ചുണ്ടാക്കുന്ന ഒരു തരം കയറാണ് ഷിമേ നവ).
ഈ കയർ ആത്മീയവും ലൗകികവുമായ ലോകങ്ങൾ തമ്മിലുള്ള അതിരാണെന്നും ഒരു സങ്കൽപമുണ്ട്. ദമ്പതിശിലകളെ പരസ്പരം ബന്ധിപ്പിക്കുന്ന കയർ വർഷത്തിൽ മൂന്നു തവണ അനുഷ്ഠാനച്ചടങ്ങുകളോടുകൂടിത്തന്നെ മാറ്റി സ്ഥാപിക്കാറുണ്ട്. കടലിലൂടെ ചെറിയ ബോട്ടു യാത്ര നടത്തിയാണ് ഈ ദമ്പതി ശിലകളുടെ അടുത്തു എത്തിച്ചേരുന്നത്. മിയോടോ ഇവയിലെത്തുന്ന ഫൊട്ടോഗ്രഫർമാരുടെ സ്വപ്നമാണ് ഈ ‘ദമ്പതിമാർക്കിടയിലൂടെ’ സൂര്യൻ ഉദിച്ചുയരുന്ന ചിത്രം ക്യാമറയിൽ പകർത്തുക എന്നത്. വേനൽക്കാലപ്രഭാതങ്ങളിൽ മാത്രമെ ഇങ്ങനൊരു ദൃശ്യം സാധാരണ ലഭ്യമാകുകയുള്ളൂ.മിയോടോ ഇവയ്ക്കു വളരെ അടുത്താണ്. ഫുടാമി– ഒകിതാമ ക്ഷേത്രം.
ഇതിന്റെ പരിസരങ്ങളിലങ്ങോളമിങ്ങോളം തവളകളുടെ ധാരാളം ശിലപങ്ങളുള്ളത് സഞ്ചാരികളുടെ കണ്ണിലുടക്കാതെ പോകില്ല. ഒരിക്കൽ ഇവിടെ വന്ന ആളുകളെ വീണ്ടും ഇവിടേക്കു കൊണ്ടുവരാനും ഒരു വശ്യത ഈ തവള ശിൽപ്പ ങ്ങൾക്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. ജാപ്പനീസ് ഭാഷയിൽ ‘തവള’ എന്നർഥം വരുന്ന വാക്കും ‘മടങ്ങി വരിക’ എന്ന ക്രിയാപദവും തമ്മിലുള്ള ബന്ധം ഇതിനെ അടിവരയിട്ട് ഉറപ്പിക്കുന്നതാണത്രേ!‘ദമ്പതിശിലകളുടെ അതേ വഴിയിൽ കിഴക്കോട്ട് അൽപദൂരം കൂടി സഞ്ചരിച്ചാൽ കടലിലെ ഡ്രാഗൺ ദേവതയ്ക്കായി നിർമിച്ച റ്യുഗു ഷ്റൈൻ എന്ന ക്ഷേത്രത്തിലെത്താം.