ബെയ്റൂത്ത്: ലബനാനിൽ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. ഒരു പെൺകുട്ടിയടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. 2750 പേർക്ക് പരിക്കേറ്റു. ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണമാണ് പൊട്ടിത്തെറിച്ചത്.
വാർത്താ സമ്മേളനത്തിൽ ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അൽ അബ്യാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌ഫോടനങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് ലെബനാൻ ആരോപിച്ചു. പേജറുകൾ ഇസ്രായേൽ ഹാക്ക് ചെയ്തെന്നാണ് സൂചന. ഹിസ്ബുള്ളയുടെ റേഡിയോ കമ്യൂണിക്കേഷൻ ശൃംഖലയിലേക്ക് കടന്നുകയറിയാണ് ഇസ്രയേൽ സ്‌ഫോടനം സാധ്യമാക്കിയതെന്ന് ലെബനീസ് സുരക്ഷാ ഏജൻസിയിലെ വൃത്തങ്ങൾ പറഞ്ഞു.
പേജറുകള്‍ പൊട്ടിത്തെറിച്ചത് ഇസ്രയേലുമായുള്ള സംഘര്‍ഷം ആരംഭിച്ച് ഒരുകൊല്ലത്തിനിടെ ഉണ്ടായ വലിയ സുരക്ഷാ വീഴ്ചയാണെന്ന് മുതിര്‍ന്ന ഹിസ്ബുള്ള അംഗം പ്രതികരിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് സമാന്തരമായി ലെബനനിലെ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലും പോരാട്ടം നടക്കുന്നുണ്ട്.
അതേസമയം പേജറുകള്‍ പൊട്ടിത്തെറിച്ചതിനെ കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിക്കാന്‍ തയ്യാറായില്ല. പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും ഹിസ്ബുള്ള അറിയിച്ചു.
ലെബനീസ് പാര്‍ലമെന്റിലെ ഹിസ്ബുള്ള പ്രതിനിധി അലി അമ്മറിന്റെ മകനും അപകടത്തില്‍ കൊല്ലപ്പെട്ടെന്നാണ് സൗദി വാര്‍ത്താ മാധ്യമമായ അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലെബനനിലെ ഇറാന്‍ അംബാസഡറായ മൊജ്തബ അമാനിക്ക് നിസ്സാര പരിക്കേറ്റുവെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
അടുത്തിടെ വാങ്ങിയ ഏറ്റവും പുതിയ മോഡല്‍ പേജറുകളാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ ബൈക്കുകളിലും ആംബുലന്‍സുകളിലുമായാണ് പൊട്ടിത്തെറികള്‍ക്ക് ശേഷം ആശുപത്രികളിലേക്ക് എത്തിച്ചത്. രക്തത്തില്‍ കുളിച്ച കൈകളുമായി അലറിക്കരയുന്നവരെയാണ് ആശുപത്രിയില്‍ താന്‍ കണ്ടതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ലേഖകന്‍ പറഞ്ഞു.
ഇസ്രായേലും ഹിസ്ബുല്ലയുമായുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ലെബാനോനെ നടുക്കിയ പേജാർ സ്‌ഫോടനങ്ങൾ നടന്നത്. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമായതിനാലാണ് ഹിസ്ബുല്ല സംഘങ്ങൾ ആശയവിനിമയത്തിന് ഇപ്പോഴും പഴയകാല പേജർ യന്ത്രങ്ങൾ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരേ സമയത്ത് ലെബനോനിൽ ഉടനീളം പൊട്ടിത്തെറിച്ചത്.
അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഉത്തരവാദിത്തം ഏറ്റെടുക്കുന്ന രൂപത്തിൽ ഇസ്രായേലിലെ ഉദ്യോഗസ്ഥരിലൊരാൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചെങ്കിലും ഉടൻതന്നെ അത് ഡിലീറ്റ് ചെയ്തിരുന്നു.
അതേസമയം, പേജർ സ്‌ഫോടനത്തിൽ ഹിസ്ബുല്ലയുടെ തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യാൻ ഇസ്രായേൽ മന്ത്രിസഭ ചേരാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.