India

ജമ്മുകശ്മീർ ഇന്ന് പോളിങ് ബൂത്തിലേക്ക്; 24 സീറ്റിൽ ഇന്ന് വോട്ടെടുപ്പ് | Voting today in twenty four seats in Jammu and Kashmir

ന്യൂഡൽഹി: ഒരു പതിറ്റാണ്ടിനുശേഷം നടക്കുന്ന ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന്. പുൽവാമ, ഷോപിയാൻ, അനന്ത്നാഗ്, ബിജ്ബെഹറ ഉൾപ്പെടെ 24 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയിലാണ് പോളിങ്. 90 അംഗ നിയമസഭയിലെ ശേഷിക്കുന്ന മണ്ഡലങ്ങളിലേക്ക് 2 ഘട്ടങ്ങളിലായി ഈ മാസം 25നും ഒക്ടോബർ ഒന്നിനുമാണ് വോട്ടെടുപ്പ്.

പത്തു വര്‍ഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളുള്ള ദക്ഷിണ കശ്മീരടക്കമാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ബിജ്ബെഹറയിൽ മത്സരിക്കുന്ന മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍ത്തിജ മുഫ്തി, കുൽഗ്രാമിൽ നിന്ന് മത്സരിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, ദൂരുവിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ്‌ മുൻ കശ്മീർ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ എന്നിവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ.

പിഡിപി ശക്തികേന്ദ്രമായ മേഖലയില്‍ ഇക്കുറി പാര്‍ട്ടി കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. നഷണൽ കോൺഫറൻസ് -കോൺഗ്രസ്‌ സഖ്യമാണ് പ്രധാന വെല്ലുവിളി. അനന്ത്നാഗ്, കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ ജില്ലകളിലായി 16 മണ്ഡലങ്ങളാണ് ദക്ഷിണ കശ്മീരില്‍.

ബാരാമുള്ള എം.പി എന്‍ജിയിനയര്‍ റാഷീദിന്‍റെ അവാമി ഇത്തിഹാദ് പാര്‍ട്ടി, നിരോധിത സംഘടനയായ കശ്മീർ ജമാഅത്തെ ഇസ്‌ലാമിയുമായി അവസാന നിമിഷം സഖ്യമുണ്ടാക്കിയത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്കയായി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരമില്ലാത്തതിനാല്‍ അവാമി ഇത്തിഹാദ് പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമിയും സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിർത്തിയാണ് മത്സരിക്കുന്നത്.